കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്.മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.എക്സിലാണ് വിജയ് ധനസഹായം പ്രഖ്യാപിച്ചത്.
വിജയ്‍യുടെ കുറിപ്പ്
“കരുറിൽ ഇന്നലെ സംഭവിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്‍റെ മനസ്സും ഹൃദയവും അതിയായ ദുഃഖത്താൽ നിറയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഈ കഠിനമായ ദുഃഖത്തിൽ, എന്‍റെ ഹൃദയത്തിൽ അനുഭവിക്കുന്ന വേദന വാക്കുകളാൽ പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. എന്‍റെ കണ്ണുകളും മനസും ദുഃഖത്താൽ മൂടിയിരിക്കുന്നു.
ഞാൻ കണ്ടുമുട്ടിയ എല്ലാവരുടെയും മുഖങ്ങൾ എന്‍റെ മനസ്സിൽ മിന്നിമറയുന്നു. സ്നേഹവും കരുതലും കാണിക്കുന്ന പ്രിയപ്പെട്ടവരെക്കുറിച്ച് ഓർക്കുമ്പോൾ എന്‍റെ ഹൃദയം കൂടുതൽ തളരുന്നു. എന്‍റെ പ്രിയപ്പെട്ടവരേ… നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിലുള്ള നിങ്ങളുടെ ദുഃഖത്തിൽ വിവരിക്കാനാവാത്ത വേദനയോടെ ഞാൻ അനുശോചനം അറിയിക്കുന്നു. ഈ അതിരില്ലാത്ത ദുഃഖത്തിൽ നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് ഞാനുമുണ്ട്.
അതേസമയംകരൂര്‍ അപകടത്തില്‍ മരണസംഖ്യ 39 ആയി. 38 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പന്ത്രണ്ട് പുരുഷന്മാര്‍, പതിനാറ് സ്ത്രീകള്‍, അഞ്ച് ആണ്‍കുട്ടികള്‍, അഞ്ച് പെണ്‍കുട്ടികള്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ കരൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകന്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂര്‍ ടൗണ്‍ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
















