ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർ ഗുരുതരാവസ്ഥയിലും അല്ലാതെയും ആശുപത്രികളിലാണ്. ഇപ്പോഴിതാ സംഭവത്തിൽ ടിവികെ ജനറല്‍ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. എന്‍ ആനന്ദിനെതിരെയാണ് കേസ്.
കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകന്‍ ഉള്‍പ്പെടെ നാലുപേരാണ് കേസിലെ പ്രതികള്‍. പൊലീസ് കേസെടുത്തതോടെ മതിയഴകന്‍ ഒളിവില്‍ പോയെന്നാണ് വിവരം. മതിയഴകന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കരൂര്‍ ദുരന്തത്തില്‍ ഇതുവരെ മരിച്ചത് 39 പേരാണ്. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 13 േപര്‍ പുരുഷന്മാരുമാണ്. നാല് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമടക്കം ഒന്‍പത് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി. 111 പേര്‍ ചികില്‍സയിലാണ്. ഇതില്‍ മൂന്നുപേരുടെനില ഗുരുതരമാണ്. മരിച്ചവരില്‍ അമ്മയും രണ്ട് മക്കളുമുണ്ട്. പ്രതിശ്രുതവരനും വധുവിനും ജീവന്‍ നഷ്ടമായി.
മരിച്ചവരില്‍ ഒന്നരവയസുകാരന്‍ ദുര്‍വേശിനെ തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായവ വിട്ടുനില്‍കി. 500 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുവെന്നും പൊലീസിന് വീഴ്ചയില്ലെന്ന് എഡിജിപി വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെള്ളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു.
സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബാംഗങ്ങള്‍ ഒരു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
















