കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) രാഷ്‌ട്രീയ റാലിയിലെ തിക്കും തിരക്കും പൊലീസിൻ്റെയും ഭരണകൂടത്തിൻ്റെയും ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ചയുടെ തെളിവാണ് കാണിക്കുന്നതെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ പളനിസാമി ആരോപിച്ചു.
39 പേരുടെ ജീവൻ നഷ്‌ടപ്പെടുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്ത “ഞെട്ടിക്കുന്ന ദുരന്തം” മതിയായ മുൻകരുതലുകൾ എടുത്തിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്നെന്ന് ഇന്ന് കരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പളനിസാമി ചൂണ്ടിക്കാട്ടി.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം വിജയ്‌യുടെ തമിഴക വെട്രി കഴകം യോഗത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചതിന് തെളിവുകളുണ്ട്. വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടർന്ന് ആശയക്കുഴപ്പവും തിക്കും തിരക്കുമുണ്ടായി.ഇതിനുമുമ്പ് നാല് യോഗങ്ങൾ ടിവികെ നടത്തിയിട്ടുള്ളതിനാൽ പ്രവർത്തകരുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകി മുൻകരുതലെടുക്കേണ്ടതായിരുന്നു. മുൻകാലങ്ങളിൽ ടിവികെ യോഗങ്ങളിൽ പങ്കെടുത്ത ജനക്കൂട്ടത്തെയും കരൂർ യോഗത്തിലെ നിലവിലെ സാഹചര്യത്തെയും അടിസ്ഥാനമാക്കി പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്യണമായിരുന്നു. സർക്കാരും ടിവികെ നേതൃത്വവും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതായിരുന്നുവെന്നും പളനിസ്വാമി പറഞ്ഞു. റാലിയിൽ ആംബുലൻസുകൾ എന്തിനാണ് തൻ്റെ പാർട്ടിയുടെ പതാകകൾ വഹിക്കുന്നത് എന്ന് വിജയ് ചോദിച്ചത് സംശയങ്ങൾ ഉയർത്തുന്നതായും അദ്ദേഹം പറഞ്ഞു.
തൻ്റെ കീഴിലുള്ള മുൻ എഐഎഡിഎംകെ സർക്കാർ രാഷ്‌ട്രീയ യോഗങ്ങൾ നടക്കുമ്പോൾ മതിയായ മുൻകരുതലുകൾ എടുത്തിരുന്നുവെന്നും എന്നാൽ ഇപ്പോൾ പൊലീസ് പൂർണ സംരക്ഷണം നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.പ്രതിപക്ഷ പാർട്ടികൾക്ക് യോഗങ്ങൾ സംഘടിപ്പിക്കാൻ കോടതികളെ സമീപിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയിലും സർക്കാരിലും പോലീസിലുമുള്ള വിശ്വാസം കൊണ്ടാണ് പൊതുജനം ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്നത്. ഇത്രയധികം വിലപ്പെട്ട ജീവനുകൾ നഷ്‌ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നു. സംസ്ഥാനത്തെ മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെ യോഗങ്ങളിൽ ഇത്തരം ദുരന്തം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.















