കരുർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയുടെ സംസ്ഥാന പര്യടനം നിർത്തിവെച്ചു. ഞായറാഴ്ച രാവിലെ വിജയ് ടിവികെയുടെ എക്‌സിക്യൂട്ടീവ് യോഗം ഓൺലൈനായി വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
മരിച്ചവരുടെ കുടുബാംഗങ്ങൾക്ക് വിജയ് 20 ലക്ഷം രൂപ ധനസഹയവും പ്രഖ്യാപിച്ചു. ചികിത്സയിൽ ഉള്ളവർക്ക് രണ്ട് ലക്ഷം രൂപയുടെ ധനസഹായ വും പ്രഖ്യാപിച്ചു. എക്‌സിലൂടെയാണ് വിജയ് ഇക്കാര്യം അറിയിച്ചത്. ‘സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തുള്ള കാര്യങ്ങളാണ് ശനിയാഴ്ച കരുരിൽ ഉണ്ടായത്. പ്രിയപ്പെട്ടവരുടെ വിയോഗത്തിലുള്ള വേദന എങ്ങനെ പ്രകടിപ്പിക്കണമെന്ന് പോലും അറിയില്ല’- വിജയ് എക്‌സിൽ കുറിച്ചു.
നേരത്തെ, സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയുടെ ധനസഹായവും ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിന് പിന്നാലെ ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായത്.
അതേസമയം, ദുരന്തത്തിന് പിന്നാലെ ടിവികെ ജനറൽ സെക്രട്ടറി പുസി ആനന്ദ് ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ടിവികെ അധ്യക്ഷൻ വിജയിയെ കേസിൽ പ്രതിചേർത്തിട്ടില്ല. എന്നാൽ യോഗത്തിന് പോലീസ് നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരുന്നെന്ന് ടിവികെയുടെ അഭിഭാഷകൻ പ്രതികരിച്ചു.
















