ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർ ഗുരുതരാവസ്ഥയിലും അല്ലാതെയും ആശുപത്രികളിലാണ്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. കരൂരിലെ ദുരന്തം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണെന്ന് ഉദയനിധി പറഞ്ഞു.
റിട്ട. ജസ്റ്റിസ് അരുണ ജഗദീഷിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും കൃത്യമായി അന്വേഷണം നടക്കും, ജനങ്ങള്‍ സത്യം തിരിച്ചറിയുമെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. അന്വേഷണ കമ്മീഷന്‍ ഉച്ചയോടെ കരൂരിലെത്തും. ഇത്തരത്തിലുളള പരിപാടികള്‍ നടത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാരും പൊലീസും കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിപാടികള്‍ സംഘടിപ്പിക്കുന്നവരാണ് അത് കൃത്യമായി പാലിക്കേണ്ടതെന്നും ഉദയനിധി പറഞ്ഞു.
മുഖ്യമന്ത്രി നിയമപരമായ നടപടികള്‍ സ്വീകരിക്കും. മാധ്യമങ്ങള്‍ മനുഷ്യത്വപരമായ സമീപനമാണ് ഈ ഘട്ടത്തില്‍ സ്വീകരിക്കേണ്ടത്. ഈ സമയം ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് തുണയായാണ് നാം നിലകൊളേളണ്ടത്. എത്രപേര്‍ക്കാണ് അനുമതി നല്‍കിയത്, എത്ര സുരക്ഷ ഏര്‍പ്പെടുത്തി, എത്രപേരാണ് എത്തിയത് എന്നത് സംബന്ധിച്ച് ഡിജിപി കാര്യങ്ങള്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇവിടെ ഞാന്‍ രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരൂരിലെത്തിയ ശേഷം മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം കരൂര്‍ ദുരന്തത്തില്‍ ഇതുവരെ മരിച്ചത് 39 പേരാണ്. മരിച്ചവരില്‍ 17 പേര്‍ സ്ത്രീകളും 13 േപര്‍ പുരുഷന്മാരുമാണ്. നാല് ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളുമടക്കം ഒന്‍പത് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി. 111 പേര്‍ ചികില്‍സയിലാണ്. ഇതില്‍ മൂന്നുപേരുടെനില ഗുരുതരമാണ്. മരിച്ചവരില്‍ അമ്മയും രണ്ട് മക്കളുമുണ്ട്. പ്രതിശ്രുതവരനും വധുവിനും ജീവന്‍ നഷ്ടമായി. മരിച്ചവരില്‍ ഒന്നരവയസുകാരന്‍ ദുര്‍വേശിനെ തിരിച്ചറിഞ്ഞു. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായവ വിട്ടുനില്‍കി. 500 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുവെന്നും പൊലീസിന് വീഴ്ചയില്ലെന്ന് എഡിജിപി വ്യക്തമാക്കി. കേസെടുത്ത് അന്വേഷണം തുടങ്ങി.
















