ഒരു മെക്സിക്കൻ അപാരത വിവാദം സോഷ്യൽ മീഡിയയിൽ കത്തിപടരുകയാണ്. കഥ ശരിക്കും KSU ആണോ, അതോ SFI ആണോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ഇപ്പോഴിതാ സിനിമയിലെ പ്രധാന റോളിലെത്തിയ ജിനോ ജോൺ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. രൂപേഷ് പീതാംബരൻ പറഞ്ഞത് നുണയാണെന്ന് പറയുന്ന സിനിമയുടെ സംവിധായകൻ, ടോം ഇമ്മട്ടിയാണ് ശരിക്കും കള്ളം പറയുന്നതെന്നും സിനിമക്ക് കാരണമായത് 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ KSU ചെയർമാനായ തൻ്റെ ജീവിത കഥയാണെന്നും ജിനോ പറഞ്ഞു.
ജിനോ പറയുന്നു:
ഒരു മെക്സിക്കൻ അപാരത എന്ന സിനിമക്ക് കാരണമായത് 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ KSU ചെയർമാനായ എൻ്റെ ജീവിത കഥയാണ്. രൂപേഷ് പീതാംബരൻ പറഞ്ഞത് നുണയാണെന്ന് പറയുന്ന സിനിമയുടെ സംവിധായകൻ, ടോം ഇമ്മട്ടിയാണ് ശരിക്കും കള്ളം പറയുന്നത്. അന്ന് താൻ ചെയ്യാൻ പോകുന്ന ഒരു മെക്സിക്കൻ അപാരത സിനിമയിലേക്ക് എൻ്റെ ജീവിത കഥ എടുത്തോട്ടെയെന്ന് , ടോം വന്ന് ആവശ്യപ്പെട്ടപ്പോൾ ഞാൻ സമ്മതിച്ചു. പ്രൊഡ്യൂസറെ കിട്ടുന്നില്ലെന്നും പടം ഹിറ്റാകാൻ വേണ്ടിയാണെന്നും പറഞ്ഞ് SFI കാരൻ ചെയർമാനാകുന്നതായി കഥയെ അയാൾ മാറ്റുകയായിരുന്നു. സിനിമയ്ക്ക് ആസ്പദമായ യാതാർത്ഥ കഥ റിലീസിന് ശേഷം പത്ര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്താൻ എന്ന വാക്കാലുള്ള ഉറപ്പ് ടോം ഇമ്മട്ടി എനിക്ക് തന്നിരുന്നുവെങ്കിലും, സിനിമ ഇറങ്ങിയപ്പോൾ അത് തൻ്റെ പ്രിയ സുഹൃത്തായ ടോം മറന്നുപോയി എന്നും ജിനോ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് ടോം ഇമ്മട്ടിയുടെ പ്രസ്താവന സ്ക്രീൻഷോട്ട് എടുത്ത് അയാൾക്ക് തന്നെ അയച്ച് വിഷയം ആരാഞ്ഞപ്പോൾ ‘അത് നിനക്ക് അറിയുന്നതല്ലേ?’ എന്നൊരു മറുപടി മാത്രമായിരുന്നു തനിക്ക് ലഭിച്ചത്.
ചിത്രത്തിന്റെ പ്രാരംഭ ഘട്ടം മുതൽ ഞാൻ ടോം ഇമ്മട്ടിക്കൊപ്പമുണ്ടായിരുന്നു, എന്റെ കഥയാണ് എടുക്കുന്നത് എന്ന ബോധ്യം ടോവിനോ അടക്കം ചിത്രത്തിൽ വർക്ക് ചെയ്ത നിരവധി പേർക്ക് ബോധ്യവുമുണ്ടായിരുന്നു. ചെഗുവേരയുടെ കഥയാണേൽ എന്റേതുമായി സാമ്യമുള്ള മറ്റ് സംഭവങ്ങൾ എങ്ങനെ ചിത്രത്തിൽ വന്നു? എന്തുകൊണ്ട് അന്ന് ടോം ഇമ്മട്ടി ഇക്കാര്യം വെളിപ്പെടുത്തിയില്ല? സ്വന്തം പ്രസ്ഥാനത്തിന്റെ ചരിത്രം വളച്ചൊടിക്കപ്പെട്ടിട്ടും ചിത്രത്തിന്റെ ഭാഗമാകേണ്ടി വന്നത് ഒരുപാട് സ്വപ്നങ്ങളുമായി അതിൽ വർക്ക് ചെയ്ത ഒരുപാട് പേർക്ക് ഒരു അവസരമാകുമല്ലോ എന്ന് കരുതി മാത്രമായിരുന്നു.
content highlight: Oru Mexican Aparatha
















