ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ് ഭവന്റെ പേര് മാറ്റണമെന്ന് നിർദേശം മുന്നോട്ടുവെച്ച് ശശി തരൂർ എംപി.രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്റെ പ്രകാശന ചടങ്ങിലാണ് ശശി തരൂർ ഇക്കാര്യം മുന്നോട്ടുവെച്ചത്. രാജ്ഭവൻ എന്ന് പേര് ലോക് ഭവൻ എന്നാക്കി മാറ്റണമെന്ന് തരൂർ അഭിപ്രായപ്പെട്ടു.
രാജ്ഭവൻ ജനങ്ങളിൽ നിന്ന് അകലെയുള്ള ഭരണഘടന സ്ഥാപനമാകരുത്. ജനങ്ങളെ കേൾക്കുന്നതും അവരുടെ അഭിലാഷങ്ങൾക്കൊപ്പം നിൽക്കുന്നതുമായിരിക്കണം രാജ്ഭവൻ എന്ന് തരൂർ അഭിപ്രായപ്പെട്ടു. രാജ്ഭവന്റെ പേര് ലോക്ഭവൻ എന്ന് മാറ്റണമെന്ന് ആവശ്യം താൻ നേരത്തെ മുന്നോട്ടുവച്ചതാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും പറഞ്ഞു.
രാജ് ഭവന്റെ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. ശശി തരൂർ എംപിക്ക് നൽകിയാണ് മുഖ്യമന്ത്രി മാസികയുടെ പ്രകാശനം നിർവഹിച്ചത്. മറ്റു സംസ്ഥാനങ്ങളിൽ രാജ്ഭവന് സ്വന്തമായി ഇത്തരത്തിൽ പ്രസിദ്ധീകണമുണ്ടോയെന്ന് അറിയില്ല. കേരളം സാക്ഷരതയാലും പ്രബുദ്ധതയാലും അടയാളപ്പെടുത്തുന്ന സംസ്ഥാനമാണ് എന്നതുകൊണ്ടു തന്നെ ഇവിടെ ഇങ്ങനെയൊന്നിന് പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്ഭവനിലെ കൂടിക്കാഴ്ചകൾ, ചർച്ചകൾ ഇവയെല്ലാം രേഖപ്പെടുത്തുന്ന ക്രോണിക്കിൾ ആകും ഇതെന്ന് കരുതുന്നു. സംവാദാത്മകമാണ് നമ്മുടെ സമൂഹം. അതിനാൽ സർക്കാരിന്റേതിൽ നിന്നും വ്യത്യസ്ഥങ്ങളോ വിരുദ്ധങ്ങളോ ആയ നിലപാടുകൾ പ്രകടമാക്കുന്ന ലേഖനങ്ങൾ ഇതിൽ വന്നുവെന്നു വരാം. ആദ്യ പ്രസിദ്ധീകരണത്തിൽ തന്നെ ഭരണഘടനയുടെ 200-ാം വകുപ്പ്, ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ സർക്കാരിന്റെ അഭിപ്രായങ്ങളല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറുമായുള്ള തർക്കങ്ങളിൽ മഞ്ഞുരുക്കിക്കൊണ്ടാണ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. ചടങ്ങിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നില്ല. രാജ്ഭവനിലെ ചടങ്ങുകൾക്ക് ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതിനെച്ചൊല്ലി വൻ വിവാദമാണ് നേരത്തെ ഉണ്ടായിരുന്നത്.
















