പരിസ്ഥിതിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഉറുമ്പുകളടക്കം കീടങ്ങളുടെ സാന്നിധ്യം വളരെ പ്രധാനമാണ്. ഇപ്പോഴിതാ കീടങ്ങളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. പസഫിക് ദ്വീപസമൂഹത്തിലെ 79% ഉറുമ്പുകളുടെയും എണ്ണം കുറയുന്നതായി ഡിഎൻഎ വിശകലനത്തിലൂടെ കണ്ടെത്തി.

ഇത് ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഗവേഷകർ പറയുന്നു. സയൻസ് എന്ന ഗവേഷണ ജേണലിൽ ജപ്പാനിലെ ഒകിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്. പസിഫിക് രാജ്യമായ ഫിജിയിലെ ഉറുമ്പുകളുടെ വൈദഗ്ധ്യത്തെപ്പറ്റി പഠനം നടത്തിയാണ് ഗവേഷകർ നിഗമനത്തിൽ എത്തിച്ചേർന്നത്.
സംരക്ഷിച്ചു വച്ചിരുന്ന ചില സാംപിളുകളുടെ ജനിതക വ്യവസ്ഥ കണക്കാക്കിയായിരുന്നു പഠനം. ഫിജിയിലെ ഉറുമ്പുകളുടെ എണ്ണത്തിൽ വന്ന വ്യത്യാസം ഇതുപയോഗിച്ച് ഗവേഷകർ കണക്കാക്കി. മനുഷ്യരുടെ പ്രവർത്തനങ്ങളാണ് ഇത്തരമൊരു അവസ്ഥയ്ക്കു വഴിവച്ചതെന്നാണു ഗവേഷകർ പറയുന്നത്. 3000 വർഷം മുൻപാണ് മനുഷ്യർ ഫിജിയിൽ താമസമുറപ്പിച്ചത്. അന്നുമുതൽ അവിടത്തെ തദ്ദേശീയരായ ഉറുമ്പുകളുടെ എണ്ണം കുറയുകയാണ്. 300 വർഷം മുൻപാണു യൂറോപ്യർ ഫിജിയിലെത്തിയത്. അതിനുശേഷം കീടങ്ങളുടെ നാശം ത്വരിതഗതിയിലായെന്നും ഗവേഷകർ പറയുന്നു.
കീടങ്ങളുടെ എണ്ണം വൻതോതിൽ കുറയുന്ന സാഹചര്യത്തിലും മൃഗസംരക്ഷണ വിദഗ്ധർ ഇതിനു കാര്യമായ ശ്രദ്ധ നൽകുന്നില്ലെന്ന് ആരോപണമുണ്ട്. ഇത് ഫിജിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പ്രശ്നമല്ലെന്നും രാജ്യാന്തര പ്രസക്തിയുള്ള വിഷയമാണിതെന്നും ഗവേഷകർ പറയുന്നു.
















