ഇന്നലെ തമിഴ്നാട്ടിലെ കരൂരിൽ നിന്ന് വന്നത് അത്ര നല്ല വാർത്തയല്ല… 39 പേരുടെ മരണത്തിനിടയാക്കിയ ഒരു ദുരന്തം.. പ്രകൃതിയോ കലാപമോഅല്ല ആരാധനയാണ് കാരണം. അലമുറയിട്ട് നിസഹായരായ മനുഷ്യർ, ഉറ്റവരുടെ മൃതദേഹത്തിനരികെ നെഞ്ചുപൊട്ടി വിങ്ങിപ്പൊട്ടുന്നവർ…ആർക്കും കണ്ട് നിൽക്കാനാവില്ല കരൂരിലെ ദുരന്തഭൂമിയിൽ നിന്നുള്ള കാഴ്ചകൾ. നടനും ടിവികെ നേതാവുമായി വിജയിയെ കാണാൻ പോയവരാണ് തിക്കിലും തിരക്കിലും പെട്ട് ഉറ്റവരെ വേർപിരിഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് എന്ന നടനും പാർട്ടിക്കുമുണ്ടായ പിഴവ് സമ്മതിക്കാൻ ആരാധകരെന്ന ഭക്തർക്ക് കഴിയുന്നില്ല.ഉത്തരവാദിത്തം എങ്ങനെയെങ്കിലും പൊലീസിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം നടത്തുന്നത്.
ശനിയാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് കരൂരിൽ വിജയ്യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞു കൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.പ്രചാരണ പരിപാടിയിൽ രാവിലെ മുതൽ വിജയ്‌യെ കാണാൻ ആയിരക്കണക്കിന് ആളുകൾ കാത്ത് നിന്നിരുന്നു. തിരക്കേറിയ സ്ഥലത്ത് പെട്ടെന്ന് ജനക്കൂട്ടം വർധിച്ചതോടെ പരിഭ്രാന്തി പരത്തിയെന്നും, ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാത്തതും സ്ഥലത്തെ വെളിച്ചക്കുറവും കാരണം ആളുകൾ ഇടറിവീഴുകയും ചവിട്ടിമെതിക്കപ്പെടുകയും ചെയ്യുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. വിജയിയെ പൊലെയൊരാൾ തമിഴ്നാട്ടിൽ പ്രചരണ പരിപാടിക്കെത്തുമ്പോൾ തീർച്ചയായും ചില മുന്നൊരുക്കൾ നടത്തേണ്ടതുണ്ട്. ഇതേകുറിച്ച് കോടതിയും മുന്നറിയിപ്പ് നൽകിയതുമാണ്. മാത്രമല്ല. ഇത്രയേറെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയില്ലാത്ത സ്ഥലത്താണ് റാലി സംഘടിപ്പിച്ചതെന്നാണ് വിവരം. ടിവികെ അറിയിച്ചതിനേക്കാൾ കൂടുതൽ ആളുകൾ റാലിയിൽ പങ്കെടുത്തിരുന്നു. ഇത്രയേറെ ആളുകളെ നിയന്ത്രിക്കാനുള്ള പൊലീസ് സംവിധാനവും സ്ഥലത്ത് ഉണ്ടായിരുന്നില്ല.
കരൂരിലെ മൂന്ന് സ്ഥലങ്ങളാണ് പാർട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ റാലിയിൽ ഇത്രയേറെ ജനങ്ങൾ പങ്കെടുക്കുന്നത് അപകടത്തിന് കാരണമാകില്ലേയെന്ന് മദ്രാസ് ഹൈക്കോടതി ആശങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. കോടതി ഇടപെടലിനെ തുടർന്നാണ് നിലവിൽ റാലി നടന്ന സ്ഥലം അനുവദിച്ചത് എന്നാണ് റിപ്പോർട്ട്. ഇത്തരം റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളുടെ പരിഹാരം എന്ന് കണക്കാക്കി മുൻകൂർ പണം വാങ്ങാനും കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.
സംഭവത്തിൽ വലിയ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്ന് തമിഴ്‌നാട് പോലീസും വ്യക്തമാക്കുന്നുണ്ട്. 10,000 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുമായിരുന്ന മൈതാനത്തിൽ 40,000 പേർ തടിച്ചു കൂടിയതും ദുരന്തത്തിന് കാരണമായി. ഗർഭിണികളും കുട്ടികളുമുൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കരുതെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും ഇത് അനുസരിക്കാതെയാണ് പലരും എത്തിയത്.
നിയമ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ എവിടെ പരിപാടി നടത്തണമെന്ന കാര്യത്തിൽ പോലും അവസാനഘട്ടത്തിലാണ് തീരുമാനമായത്. ടിവികെ മുന്നേ തീരുമാനിച്ചിരുന്ന സ്ഥലമാണ് പരിപാടിക്കായി തിരഞ്ഞെടുത്തതെങ്കിൽ ഇതിലും വലിയ ദുരന്തമുണ്ടാകുമായിരുന്നെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിലും പരിമിതമായ സ്ഥലം ടിവികെ ആവശ്യപ്പെട്ടെങ്കിലും പൊലീസും സർക്കാരും അനുമതി നൽകിയില്ല. ഇതിന് പിന്നാലെ ടിവികെ കോടതിയെ സമീപിച്ചതിന് ശേഷമാണ് പരിപാടി നടന്ന കരൂരിൽ സ്ഥലം അനുവദിച്ച് നൽകിയത്.
ഉദ്ദേശിച്ചതിലും പതിന്മടങ്ങ് ആളുകൾ മൈതാനത്തേക്ക് എത്തുകയായിരുന്നു. കൂടാതെ മൈതാനത്തിൽ ആറര മണിക്കൂറിലധികം കാത്ത് നിന്നതിന് ശേഷമായിരുന്നു വിജയ് എത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് എത്തേണ്ടിയിരുന്ന വിജയ് വൈകീട്ട് ഏഴരയോടെയാണ് സ്ഥലത്ത് എത്തിയത്. അത്രയും സമയം ആളുകൾ ഭക്ഷണം പോലും കഴിക്കാതെ അദ്ദേഹത്തെ കാണാൻ കാത്ത് നിൽക്കുകയായിരുന്നു. ഇത് ആളുകളിൽ ശാരീരിക അസ്വസ്ഥ്യമുണ്ടാക്കുകയായിരുന്നു.
എന്നാൽ ചില തമിഴ് മാധ്യമങ്ങളിൽ ടിവികെ അനുയായികളും ഭക്തരും ഈ സംഘടന പിഴവിനെ പാടേ അവഗണിക്കുകയാണ്. വിജയ്ക്കെതിരെ നടത്തിയ ആസൂത്രണത്തിന്റെ ഭാഗമാണിതെന്ന് വരെ പരിപാടിയിൽ പങ്കെടുത്ത ചിലർ പറയുന്നത് കാണാം. താരാരാധനയിൽ അന്ധത ബാധിച്ച ഒരു ജനവിഭാഗത്തെ മുതലെടുത്താണ് പലപ്പോഴും ദ്രാവിഡ രാഷ്ട്രീയത്തിൽ പലരും മുന്നോട്ട് വന്നിട്ടുള്ളത്. എന്നാൽ പൊതുജനം ഇനിയെങ്കിലും സാമാന്യ ബോധത്തോടെ പെരുമാറേണ്ടതുണ്ട്. ദുരന്തത്തിന് കാരണം ഭരണകൂടമോ വ്യവസ്ഥിതിയോ മാത്രമല്ല, ആളുകൾ കൂടുന്നിടത്ത് ഗർഭിണികളേയും കുട്ടികളേയും കൊണ്ട് വരുന്നത് മുതൽ അമിതമായ ആവേശം കാണിക്കുന്നത് വരെ അപകടത്തിലെത്തിക്കുമെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു.
















