പ്രകൃതി ഭംഗി ആവോളം നുകരാൻ പറ്റിയ സ്ഥലമാണ് മാണിക്കൽ പഞ്ചായത്തിലെ തമ്പുരാൻ-തമ്പുരാട്ടി പാറ. ഇവിടുത്തെ പാറകളിൽ നിന്നുള്ള കാഴച ഗംഭീരമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 700 അടി ഉയരത്തിൽ 17 ഏക്കറോളം ചുറ്റളവിലാണ് ഈ രണ്ട് പാറകളും സ്ഥിതി ചെയ്യുന്നത്.
ഇങ്ങോട്ടേക്ക് യാത്ര ചെയ്യണെമെങ്കിൽ ചെങ്കുത്തായ കുന്നുകളും പടവുകളും താണ്ടണം. തിരുമുറ്റംപാറയും മുത്തിപ്പാറയും കടന്ന് ആദ്യം തമ്പുരാട്ടി പറയിലെത്താം. ഒരു സ്ത്രീ കിടക്കുന്നത് പോലെയാണ് തമ്പുരാട്ടി പാറ കിടക്കുന്നത്. ഈ പാറ കടന്നുവേണം തമ്പുരാൻ പാറയിൽ എത്താൻ. പാറയ്ക്ക് മുകളിൽ വറ്റാത്ത ഒരു ഉറവയുണ്ട്. വർഷങ്ങളായി ആരാധന നടത്തിവരുന്ന ഗുഹാക്ഷേത്രവും പതിനഞ്ചടിയോളം ഉയരമുള്ള ഒരു ഗണപതി വിഗ്രഹവും തമ്പുരാൻ പാറയുടെ മുകളിൽ കാണാൻ കഴിയും. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് മറക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയായിരിക്കും ഈ പാറകളിലേക്കുള്ള യാത്ര.
തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തിനടുത്താണ് ഈ പാറകൾ സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോമീറ്റളോളം ദൂരം സഞ്ചരിച്ചാൽ വെമ്പായം ജംഗ്ഷനിൽ എത്താം. അവിടെ നിന്ന് മൂന്നാനക്കുഴി എന്ന സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് തമ്പുരാൻ, തമ്പുരാട്ടി പാറകൾ. വെമ്പായം ജംഗ്ഷനിൽ നിന്ന് അഞ്ചുകിലോമീറ്റർ മാത്രം അകലെയാണ് ഈ മനോഹരമായ സ്ഥലം.
















