രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി പ്രധാന മാറ്റങ്ങളോടെയാണ് പുതിയ മാസം ആരംഭിക്കാൻ പോകുന്നത്. പെൻഷൻ നിയമങ്ങൾ, യുപിഐ നിയമങ്ങൾ, റെയിൽവേ ടിക്കറ്റ് ബുക്കിങ് (ഓൺലൈൻ) എന്നിവയാണ് ഒക്‌ടോബര്‍ ഒന്ന് മുതലുള്ള പ്രധാന മാറ്റങ്ങൾ. എല്ലാ മാസവും സാമ്പത്തിക മാറ്റങ്ങളോടെയാണ് ആരംഭിക്കുന്നത്, കൂടാതെ രാജ്യത്തെ സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റങ്ങൾക്കും ഒക്ടോബറിൽ സാക്ഷ്യം വഹിക്കേണ്ടിവരും.
ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനത്തില്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ പുതിയ മാര്‍ഗനിര്‍ദേശം ബാധകമാകും. ആധാര്‍ ബന്ധിപ്പിച്ച അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഒരു ട്രെയിനിലേക്ക് ടിക്കറ്റ് റിസര്‍വേഷന്‍ തുറന്ന് ആദ്യ 15 മിനിറ്റ് സമയം ബുക്കിങ് ചെയ്യാനാകുക. ആധാര്‍ പരിശോധന പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് മാത്രമെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതിയുള്ളൂ.
ഈ മാറ്റം ഐആര്‍സിടിസി വെബ്‌സൈറ്റിനും ഐആര്‍സിടിസി മൊബൈല്‍ ആപ്പിനും ബാധകമാണ്. തത്കാല്‍ ബുക്കിങ്ങുകള്‍ക്ക് ഈ സംവിധാനം ഇതിനോടകം തന്നെ നിലവിലുണ്ട്. ഏജൻ്റുമാര്‍ നിയമവിരുദ്ധമായ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സീറ്റുകള്‍ തടയുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.
നിലവില്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചാലുടന്‍ അനധികൃത ഏജൻ്റുമാരുടെ ഓട്ടോമേറ്റഡ് ബുക്കിങ്ങുകളില്‍ വര്‍ധനവുണ്ടാകാറുണ്ട്. ഇതുകൊണ്ട് സാധാരണ യാത്രക്കാര്‍ക്ക് പലപ്പോഴും ടിക്കറ്റ് ലഭ്യമാകാറില്ല. പ്രാരംഭ ഘട്ടത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കിയതോടെ പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് മാത്രമെ ബുക്കിങ്ങുകള്‍ ഉടനടി ലഭ്യമാകൂ.
അതേസമയം, റെയിൽവേയുടെ കംപ്യൂട്ടറൈസ്‌ഡ് പിആർഎസ് കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയക്രമത്തിൽ മാറ്റമില്ല. അംഗീകൃത ബുക്കിങ് ഏജൻ്റുമാർക്ക് പുതിയ ടിക്കറ്റ് ബുക്കിങ് തുടങ്ങുന്ന ദിവസത്തെ ആദ്യ 10 മിനിറ്റിലെ നിയന്ത്രണം തുടരുമെന്നും ഐആർസിടിസി വ്യക്തമാക്കി.
ഒക്ടോബർ 1 മുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ നിർബന്ധിത പേയ്‌മെൻ്റ് ഓപ്ഷനായി ഇന്ത്യൻ റെയിൽവേ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) അവതരിപ്പിക്കും. പേയ്‌മെൻ്റുകൾ കാര്യക്ഷമമാക്കുന്നതിനും ഓൺലൈൻ ഇടപാടുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമാണിത്.
















