ലോകത്തിലെ ആദ്യത്തെ കാർബൺ രഹിത മസ്ജിദ് ഒക്ടോബർ ഒന്നിന് അബുദാബിയിൽ തുറക്കും. ഒരേസമയം 1300 പേർക്ക് പ്രാർഥിക്കാവുന്ന മസ്ജിദ് ആണിത്. പുരാതന നിർമാണ രീതിയും നൂതന സൗരോർജ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചതാണ് ഈ നിർമാണ രീതി. മസ്ദാർ സിറ്റിയിലാണ് പ്രകൃതി സൗഹൃദ ആരാധനാലയം യാഥാർഥ്യമാക്കിയിരിക്കുന്നത്.
ബ്രിട്ടിഷ് കൺസൽറ്റൻസി രൂപകൽപന ചെയ്ത ഈ പള്ളിയുടെ ഊർജ ആവശ്യത്തിന്റെ 100 ശതമാനവും സൗരോർജത്തിലൂടെ ഉൽപാദിപ്പിക്കുന്നു. കൂടാതെ പള്ളിയിലെ താപനില, ഈർപ്പം എന്നിവ സ്മാർട്ട് സെൻസറുകൾ നിരീക്ഷിച്ച് ആവശ്യമുള്ളപ്പോൾ മാത്രം ഫാനും എസിയും പൈപ്പും ഓണാകുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഉപയോഗിച്ച വെള്ളം ശുദ്ധീകരിച്ച് ചെടികളും മരങ്ങളും നനയ്ക്കാൻ ഉപയോഗിക്കുന്നു.
യുഎഇയിലെ ഏറ്റവും പഴക്കമുള്ള അൽബിദിയ പള്ളിയുടെ നിർമാണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിതിയെന്ന് മസ്ദാർ സിറ്റി ഡിസൈൻ മാനേജ്മെന്റ് സംഘത്തിലെ സീനിയർ അനലിസ്റ്റ് അംന അൽ സാബി പറഞ്ഞു.
STORY HIGHLIGHT: world first carbon neutral mosque open
















