ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം കണ്ടെത്തി. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തിലാണ് ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം കണ്ടെത്തിയത്. പീഠം കാണാനില്ലെന്ന പരാതിയില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷണന്റെ ബന്ധുവീട്ടില്‍ നിന്നാണ് ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം കണ്ടെത്തിയത്. പീഠം കാണാതായെന്ന് കാണിച്ച് നേരത്തേ പരാതി നൽകിയത് ഉണ്ണികൃഷ്ണനായിരുന്നു.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് വിവാദമുയർന്നപ്പോഴാണ്, സ്പോൺസർ കൂടിയായ ഉണ്ണികൃഷ്ണൻ പോറ്റി പരാതിയുമായി രംഗത്തെത്തിയത്. ദ്വാരപാലക ശിൽപ്പങ്ങൾക്കൊപ്പം നൽകിയ സ്വർണം പൂശിയ പീഠങ്ങൾക്ക് അളവ് ശരിയാകാത്തതിനാൽ സ്ഥാപിച്ചില്ലെന്നും, അത് തിരികെ നൽകിയില്ലെന്നും എവിടെയാണെന്ന് അറിയില്ലെന്നുമായിരുന്നു പോറ്റിയുടെ പരാതി. ഹൈക്കോടതി നിർദേശപ്രകാരം ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
വിജിലൻസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലുകൾക്കും തിരുവനന്തപുരത്തെയും ബെംഗളൂരുവിലെയും വീടുകളിലെ പരിശോധനകൾക്കും ശേഷമാണ് പീഠത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് പീഠം കണ്ടെടുത്തത്.
2019 ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്പോണ്‍സർഷിപ്പില്‍ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പുപാളികള്‍ക്ക് സ്വർണംപൂശിയത്. ഇതോടൊപ്പമാണ് പീഠവും നിർമിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയത്ത് ഭക്തരുടെ കൈവശമാണ് പീഠം സന്നിധാനത്ത് എത്തിച്ചത് എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജീവനക്കാരൻ ആണ് പീഠം എത്തിച്ചത്. അളവ് ശരിയാകാതെ വന്നതോടെ പീഠം തിരികെ ജീവനക്കാരന് കൈമാറുകയും അദ്ദേഹം അത് തിരികെ കൊണ്ടുപോകുകയും ചെയ്തു. പീഠം കൊടുത്തുവിട്ട ജീവനക്കാരൻ വഴി ഈ വിവരം ഉണ്ണികൃഷ്ണൻ പോറ്റി അറിഞ്ഞില്ലേ? അറിഞ്ഞിരുന്നുവെങ്കിൽ, പീഠം കാണാനില്ലെന്നു പറഞ്ഞു ദേവസ്വം ബോര്‍ഡിനെ ഉൾപ്പെടെ സംശയനിഴലിൽ നിർത്തിയ പരാതി ഉണ്ണികൃഷ്ണൻ പോറ്റി എന്തിനുയർത്തി? ഇത് ദുരൂഹത വർധിപ്പിക്കുകയാണ്.
2021 മുതൽ ഈ ജീവനക്കാരനായ വാസുദേവൻ്റെ വീട്ടിലാണ് പീഠം സൂക്ഷിച്ചിരുന്നത്. പീഠം കാണാനില്ലെന്ന് സ്പോൺസർ തന്നെ പരാതി നൽകുകയും കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതോടെ പരിഭ്രാന്തനായ ജീവനക്കാരൻ പീഠം തിരികെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. അതിനുശേഷമാണ് കഴിഞ്ഞ 13-ന് ഇത് വെഞ്ഞാറമൂട്ടിലെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്.
മൂന്ന് പവൻ സ്വർണം ഉപയോഗിച്ച് ശിൽപ്പങ്ങൾക്ക് പുതിയ പീഠം നിർമിച്ച് നൽകിയിരുന്നതായാണ് ദ്വാരപാലക ശിൽപ്പ വിവാദം ഉണ്ടായതിനു പിന്നാലേ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. പഴയ പീഠങ്ങൾക്ക് നിറം മങ്ങിയതുകൊണ്ടാണ് പുതിയത് നിർമിച്ചത്. എന്നാൽ, ദേവസ്വം അധികൃതർ ഇതിൻ്റെ അളവിൽ വ്യത്യാസമുണ്ടെന്ന് അറിയിച്ചിരുന്നു. വഴിപാടായി നൽകിയതിനാൽ താൻ ഇത് തിരികെ ചോദിച്ചില്ലെന്നും, പഴയ പീഠങ്ങൾ സ്ട്രോങ് റൂമിൽ ഉണ്ടാകുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയപ്പോൾ പീഠത്തെക്കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഉപയോഗിക്കാത്ത സ്വര്‍ണപീഠം എന്തു ചെയ്‌തെന്ന കാര്യത്തില്‍ വിജിലന്‍സിനോട് അന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
പീഠം കാണാതായ വിവരം ഉണ്ണികൃഷ്ണൻ പോറ്റി അറിഞ്ഞിരുന്നുവെങ്കിൽ, ദേവസ്വം ബോർഡിനെ ഉൾപ്പെടെ സംശയനിഴലിൽ നിർത്തിക്കൊണ്ടുള്ള പരാതി എന്തിനു നൽകി എന്നതിൽ ദുരൂഹത വർധിക്കുകയാണ്. പീഠം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് ഉടൻ തന്നെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. സംഭവത്തിലെ ദുരൂഹതകളും മറ്റ് കാര്യങ്ങളും വിജിലൻസിൻ്റെ തുടർ അന്വേഷണത്തിൽ കൂടുതൽ വ്യക്തമാകും.
















