നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ശരീരത്തിന് ഉന്മേഷം നൽകാനും ക്ഷീണം അകറ്റാനും ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഇത് കുടിക്കുന്നത് ഊര്‍ജനില കൂട്ടാനും ആകെയുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കും. എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാവുന്ന പാനീയമാണിത്.
ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കുടിക്കാമോ?
വിദഗ്ധരുടെ നിര്‍ദേശപ്രകാരം ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാം. മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. അമിതമായി കുടിക്കുന്നത് നൈട്രേറ്റുകളുടെ അളവ് കൂടുന്നതിനും ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതിനും ഇടയാക്കും.
രക്തസമ്മര്‍ദം കുറയ്ക്കുന്നു
വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുമ്പോള്‍ അതിലെ നൈട്രേറ്റുകള്‍ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അവയുടെ പ്രവര്‍ത്തനം വേഗത്തില്‍ ആരംഭിക്കുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ട് ജ്യൂസില്‍ നൈട്രേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജേണല്‍ ഓഫ് ഹ്യൂമന്‍ ഹൈപ്പര്‍ടെന്‍ഷനിലെ ഒരു പഠനം അനുസരിച്ച്, പതിവായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
ദഹനം മെച്ചപ്പെടുത്തുന്നു
വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളടകറ്റുന്നു. ജ്യൂസിലെ നാരുകള്‍ ദഹനം സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും അതുവഴി പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു.
ഊര്‍ജം നല്‍കുന്നു
ബീറ്റ്‌റൂട്ട് ജ്യൂസിലെ നൈട്രേറ്റുകള്‍ പേശികളിലേക്കുള്ള രക്തയോട്ടവും ഓക്‌സിജന്‍ വിതരണവും മെച്ചപ്പെടുത്തി കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ക്ഷീണമകറ്റാന്‍ ഇത് ഈ ജ്യൂസ് സഹായിക്കും.
രാവിലത്തെ ഡീറ്റോക്‌സ്
വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന പ്രക്രിയകളെ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് വിഷവസ്തുക്കളെ പുറന്തള്ളാനും നിങ്ങളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
അണുബാധകളെ ചെറുക്കുന്നതിന് അത്യാവശ്യമായ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് രോഗപ്രതിരോധ ശേഷി കൂട്ടാനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
















