ഞായറാഴ്ച ദുബായിൽ നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിൽ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമാണ്. രണ്ടു തവണയാണ് ടൂർണമെന്റിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നത്. രണ്ടിലും ഇന്ത്യ വിജയിച്ചെങ്കിലും ഫൈനൽ അത്ര എളുപ്പമായിരിക്കില്ല.
ബാറ്റിങ്ങിലും ബോളിംഗിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവയ്ക്കുന്നതെങ്കിലും, ഫീൽഡിങ്ങിൽ ടീമിന്റെ പ്രകടനം നിരാശാജനകമാണ്. സീസണിലുടനീളം നിരവധി ക്യാച്ചുകളാണ് കൈവിട്ടത്. അവസാന സൂപ്പർ 4 മത്സരത്തിന് മുമ്പ്, 12 ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ നഷ്ടപ്പെടുത്തിയത്.
താരങ്ങളുടെ ഫീൽഡിങ്ങിലെ മോശം പ്രകടനത്തിൽ, ടീം മാനേജ്‌മെന്റിനെയും ഫീൽഡിങ് കോച്ച് ടി. ദിലീപിനെയും വിമർശിക്കുകയാണ് മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അമിത് മിശ്ര. ഫീൽഡിങ് കോച്ച് എന്താണ് അവിടെ ചെയ്യുന്നതെന്നും, ലൈറ്റിനു താഴെനിന്ന് ക്യാച്ച് പിടിക്കാൻ താരങ്ങളെ പരിശീലിപ്പിക്കണമെന്നും, അമിത് മിശ്ര പറഞ്ഞു.
“നിങ്ങൾ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരാണ്. നിങ്ങൾ കഠിനാധ്വാനം ചെയ്യുകയും സാഹചര്യത്തോട് പൊരുത്തപ്പെടുകയും വേണം. ഒരു മത്സരത്തിൽ ഒന്നോ രണ്ടോ ക്യാച്ചുകൾ നഷ്ടപ്പെട്ടേക്കാം. അത് ഞാൻ സമ്മതിക്കുന്നു. പക്ഷേ സ്ഥിരമായി ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗൗതം ഗംഭീർ ഫീൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് ഞാൻ കരുതുന്നത്,” അമിത് മിശ്ര എഎൻഐയോട് പറഞ്ഞു.
“ട്വന്റി-20യിൽ ഒരു ക്യാച്ച് കളയുന്നതിനു വലിയ വില നൽകേണ്ടി വരും. ഇന്ത്യൻ ടീം മൂന്ന് – നാല് ക്യാച്ചുകളാണ് നഷ്ടപ്പെടുത്തുന്നത്. ടീം ഫീൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പാക്കിസ്ഥാനെതിരായ ഫൈനലിൽ പിഴവുകൾക്ക് സ്ഥാനമില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അതിന് പരിഹാരം കണ്ടെത്തണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
















