ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 40 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു താരങ്ങളുടെ പ്രതികരണം.
കരൂരിലെ ദാരുണമായ സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.’കരൂരിലെ ദാരുണമായ സംഭവത്തില്‍ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. പരിക്കേറ്റവര്‍ക്ക് കരുത്തും വേഗത്തിലുള്ള രോഗശാന്തിയും നേരുന്നു’, മമ്മൂട്ടി കുറിച്ചു.
‘കരൂരിലെ ദാരുണമായ തിക്കിലും തിരക്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഹൃദയംഗമമായ പ്രാര്‍ഥനകള്‍. പരിക്കേറ്റവര്‍ക്ക് കരുത്തും വേഗത്തിലുള്ള രോഗശാന്തിയും നേരുന്നു’, എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.തമിഴ് സൂപ്പര്‍താരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌യുടെ റാലിക്കിടെയാണ് ദുരന്തമുണ്ടായത്. കരൂരിലെ റാലിയിലെ തിക്കിലും തിരക്കിലുംപെട്ട് 40 പേരാണ് ഇതുവരെ മരിച്ചത്. കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച രാത്രി ഏഴുമണിയോടെ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കേയാണ് ദുരന്തമുണ്ടായത്. റോഡിനോടുചേര്‍ന്നുള്ള ചെറു മൈതാനത്ത് 15,000 പേര്‍ക്ക് ഇരിക്കാവുന്ന സ്ഥലത്ത് 50,000 പേര്‍ തടിച്ചുകൂടിയിരുന്നു.
95-ഓളം പേരാണ് നിലവില്‍ പരിക്കേറ്റ് ചികിത്സയിലുള്ളതെന്നാണ് വിവരം. ഇതില്‍ 51 പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് ടിവികെ നേതാവും നടനുമായ വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയുടെ സാമ്പത്തികസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. കരൂരില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും സാമ്പത്തികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തികസഹായം.
















