തമിഴ്നാട്ടിലെ കരൂരില്‍ നടനും രാഷ്ട്രീയ നേതാവുമായ വിജയ്യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 40 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. ഇത്തരം ദുരന്തങ്ങള്‍ രാജ്യത്തെ ജനക്കൂട്ടങ്ങളെ കൈകാര്യം ചെയ്യുന്നതിലെ പാളിച്ചകള്‍ എടുത്തു കാണിക്കുന്നുവെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ തരൂര്‍ പറഞ്ഞു.
ശശി തരൂരിന്റെ വാക്കുകള്‍……
‘കരൂരിലേത് ദാരുണവും വേദനാജനകവുമായ സംഭവമാണ്. ആള്‍ക്കൂട്ടങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ രാജ്യത്തെ സംവിധാനങ്ങളില്‍ പാളിച്ചയുണ്ട്. എല്ലാ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ബെംഗളൂരുവിലെ സംഭവം ഓര്‍ക്കുന്നു. തിക്കിലും തിരക്കിലുംപെട്ട് കുട്ടികള്‍ മരിക്കുന്നത് ഹൃദയഭേദകമാണ്.
സിനിമാ താരങ്ങളായ രാഷ്ട്രീയക്കാരെയും ക്രിക്കറ്റ് താരങ്ങളേയും കാണാന്‍ ആളുകള്‍ ആവേശത്തോടെയാണ് പോകുന്നത്. ഇതിനെല്ലാം അടിസ്ഥാനപരമായ മാനദണ്ഡങ്ങളും നിയമങ്ങളും വേണമെന്നതാണ് വസ്തുത. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ വേണം’.
ഇന്നലെ വൈകിട്ടായിരുന്നു വിജയ്യുടെ റാലിക്കിടെ വന്‍ അപകടം നടന്നത്.
അതേസമയം കരൂര്‍ ദുരന്തത്തില്‍ മരണ സംഖ്യ 40 ആയി. കരൂര്‍ സ്വദേശി കവിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. തിക്കിലും തിരക്കിലുംപ്പെട്ട് പരിക്കേറ്റ കവിന്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയുമായിരുന്നു. ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
















