യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം അവസാനിക്കുന്നില്ല. അവസാനം നിമിഷം പരിഗണിക്കുന്ന പേരുകളിൽ കടുത്ത എതിർപ്പുമായി ഐ ഗ്രൂപ്പ്. അബിൻ വർക്കിക്കായി സമൂഹമാധ്യമങ്ങളിൽ പരസ്യമായി ക്യാമ്പയിൻ ആരംഭിച്ച് യൂത്ത് കോൺഗ്രസിന്റെ ഐ ഗ്രൂപ്പ് സംസ്ഥാന നേതാക്കൾ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവരിലേക്ക് ചർച്ച ചുരുങ്ങിയതോടെയാണ് ഐ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചത്. അബിൻ വർക്കിയുടെ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പുതിയ തീരുമാനം. കെ.എം അഭിജിത്തിനെ പരിഗണിക്കുകയാണെങ്കിൽ നേരത്തെ വിട്ടുവീഴ്ച ചെയ്യാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ആർക്കുവേണ്ടിയും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഇപ്പോൾ.
ഏകപക്ഷീയമായി പേര് പ്രഖ്യാപിച്ചാൽ യൂത്ത് കോൺഗ്രസിന്റെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കാനും ആലോചനയുണ്ട്. അബിൻ വർക്കിയെ അവഗണിക്കുന്നതിൽ വിചിത്ര നീതി എന്നാണ് വിലയിരുത്തൽ. ഏറ്റവുമധികം വോട്ട് നേടിയ രണ്ടാമൻ എന്ന മാനദണ്ഡം അട്ടിമറിക്കാൻ കഴിയില്ല. ബിനു ചുള്ളിയിലിന് പ്രായപരിധി കഴിഞ്ഞെന്നും ഐ ഗ്രൂപ്പ് ആക്ഷേപിക്കുന്നു. സമൂഹമാധ്യമങ്ങളിലും അബിൻ വർക്കിക്കായി ഐ ഗ്രൂപ്പ് നേതാക്കൾ ക്യാമ്പയിൻ ശക്തമാക്കി. നിലവിൽ പരിഗണിക്കുന്നവരുടെ യോഗ്യതകൾ തരംതിരിക്കുന്ന പട്ടികയും പ്രചരിപ്പിക്കുന്നുണ്ട്. പ്രായം, വിദ്യാഭ്യാസ യോഗ്യത, രണ്ടുവർഷത്തിനിടയിൽ പാർട്ടിക്ക് വേണ്ടി ഉള്ള കേസുകളുടെ എണ്ണം, സംഘടന തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളുടെ എണ്ണം എന്നിവ ഉൾപ്പെടുത്തിയ പട്ടികയാണ് പ്രചരിപ്പിക്കുന്നത്. അധ്യക്ഷ പ്രഖ്യാപനം ഇനിയും വൈകുമെന്നാണ് സൂചന. രാഹുൽഗാന്ധി വിദേശപര്യടനം പൂർത്തിയാക്കി മടങ്ങിയെത്തിയതിന് ശേഷമാകും അധ്യക്ഷ പ്രഖ്യാപനം.
Youth Congress launches social media campaign for Abin Varkey’s candidacy for the post of Youth Congress President
















