ഹിസ്ബുല്ല നേതാവ് ഹസൻ നസ്‌റുല്ലയുടെ അവസാന ദിനത്തെ കുറിച്ചുള്ള വിവരങ്ങൾ ഇന്റലിജൻസ് ഡയറക്ടറേറ്റ് പുറത്തുവിട്ടു. 2024 സെപ്റ്റംബർ 27നാണ് ഇസ്രായേൽ ഹസൻ നസ്‌റുല്ലയെ വധിച്ചത്. ഇറാനിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ച്നിർമിച്ച ബങ്കറിലായിരുന്നു ഹസൻ നസ്‌റുല്ല അവസാന ദിനങ്ങളിൽ കഴിഞ്ഞിരുന്നത്.
ഹിസ്ബുല്ലയെ പുനഃസംഘടിപ്പിച്ച് ഇസ്രായേലിനെതിരെ പ്രത്യാക്രമണങ്ങൾ ആസൂത്രണം ചെയ്യാനായിരുന്നു അദ്ദേഹം ബങ്കറിൽ തങ്ങിയത്. എന്നാൽ ഇസ്രായേലിന്റെ അടുത്ത ലക്ഷ്യം താനാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും ഐഡിഎഫ് ഇന്റലിജൻസ് വെളിപ്പെടുത്തി.
വർഷങ്ങളായി ശേഖരിച്ച രഹസ്യവിവരങ്ങൾ ഉപയോഗിച്ച് ബങ്കറിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ ഇന്റലിജൻസ് ഡയറക്ടറേറ്റിന് കഴിഞ്ഞെന്ന് ഐഡിഎഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. 83 ബോംബുകൾ ഒരുമിച്ച് ബങ്കറിന് മുകളിൽ വർഷിച്ചാണ് ഇസ്രായേൽ വ്യോമസേന ഹസൻ നസ്‌റുല്ലയെ വധിച്ചത്. ഹിസ്ബുല്ലയുടെ തെക്കൻ മേഖലാ കമാൻഡർ അലി കരാകി അടക്കമുള്ള പ്രമുഖ നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
‘ഞങ്ങൾ അവരിൽ എല്ലാവരിലേക്കും എത്തും, അതേ പ്രൊഫഷണലിസത്തോടെ മനസ്സാന്നിധ്യത്തോടെ ഇത് തുടരും. ഞങ്ങൾ ശരിയായ പാതയിലാണ്’- ഇസ്രായേൽ എയർഫോഴ്‌സ് കമാൻഡർ തോമർ ബാർ പറഞ്ഞു. 1992-ലാണ് നസ്‌റുല്ല ഹിസ്ബുല്ലയുടെ തലപ്പത്തെത്തിയത്.
















