ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്ന് വൈറ്റ്ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണും. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 66,000 കടന്നിരിക്കെയാണ് കൂടിക്കാഴ്ച.
ഇസ്രയേലിന്റെ സഖ്യരാഷ്ട്രങ്ങൾ പലതും പലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കുകയും രാജ്യാന്തര കായിക–സാംസ്കാരിക പരിപാടികളിൽ ഇസ്രയേലിന് വിലക്കേർപ്പെടുത്താൻ നീക്കങ്ങൾ സജീവമാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
അതേസമയം ഗാസയിലെ വെടിനിർത്തലിനും ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാരുടെ മോചനത്തിനും ട്രംപ് ഇന്നത്തെ കൂടിക്കാഴ്ചയിൽ പുതിയ 21 ഇന കരാർ അവതരിപ്പിച്ചേക്കും.
അറബ് രാഷ്ട്രങ്ങൾ മുൻകയ്യെടുത്ത് തയാറാക്കിയ കരാറിൽ, 48 മണിക്കൂറിനകം ബന്ദികളുടെ മോചനവും ഗാസയിൽനിന്ന് ഘട്ടങ്ങളായി ഇസ്രയേലിന്റെ പിൻമാറ്റവും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
















