ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച് ബാങ്കിൽ പണയം വച്ച കേസില്‍ ക്ഷേത്രം ശാന്തിക്കാരന്‍ അറസ്റ്റില്‍. മുരിങ്ങൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ശ്രീകോവില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2.7 പവന്‍ തൂക്കം വരുന്ന തിരുവാഭരണം ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച് പണയം വച്ച കേസിലാണ് അറസ്റ്റ്. ക്ഷേത്രം ശാന്തിക്കാരനും കണ്ണൂര്‍ അഴീക്കോട് സ്വദേശിയുമായ അശ്വന്ത് (34)ആണ് അറസ്റ്റിലായത്. ക്ഷേത്രം പ്രസിഡന്‍റ് രാജീവിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
2020 ഫെബ്രുവരി 2നാണ് അശ്വന്ത് ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലിക്കെത്തിയത്. ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്താനുള്ള സ്വർണാഭരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ടു പാത്രങ്ങളുടെയും ചുമതല അന്നു മുതൽ ക്ഷേത്രം കമ്മറ്റി അശ്വന്തിനാണു നൽകിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ശ്രീകോവിലിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ എല്ലാം അവിടെ ഇല്ലെന്നു കമ്മിറ്റി അംഗങ്ങൾക്കു സംശയം തോന്നിയതോടെ അശ്വന്തിനോടു തിരുവാഭരണങ്ങൾ കാണിച്ചു തരാൻ ആവശ്യപ്പെട്ടു. എന്നാൽ എല്ലാ കമ്മിറ്റി അംഗങ്ങളും വന്നാൽ മാത്രമേ കാണിക്കാനാകൂ എന്നു പറഞ്ഞൊഴിഞ്ഞു.
എല്ലാ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും ക്ഷേത്രത്തിലെത്തി തിരുവാഭരണങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ തിരുവാഭരണങ്ങളിൽ കുറച്ച് ചാലക്കുടിയിലെ ബാങ്കിൽ പണയം വച്ചതായി അശ്വന്ത് സമ്മതിക്കുകയായിരുന്നു. തുടർന്നു കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും പരിശോധിച്ചതോടെ പത്ത് ഗ്രാം തൂക്കം വരുന്ന കാശുമാല, ഏഴു ഗ്രാം തൂക്കം വരുന്ന സ്വർണവള, നാലു ഗ്രാം തൂക്കമുള്ള സ്വർണ മണിമാല, ഒരു ഗ്രാം തൂക്കമുള്ള സ്വർണത്തിന്റെ രണ്ടു കണ്ണുകൾ, ഒരു ഗ്രാം തൂക്കമുള്ള സ്വർണത്തിന്റെ 4 പൊട്ടുകൾ എന്നിവ ശ്രീകോവിലിൽ നിന്നു നഷ്ടപ്പെട്ടതായി മനസ്സിലാക്കി. തുടർന്നു ശാന്തിക്കാരനായ അശ്വന്തിനെ കമ്മിറ്റി അംഗങ്ങൾ കൊരട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















