ഓച്ചിറ: ഗാസയിൽ നടത്തുന്ന ക്രൂരതകളിൽ ഇസ്രയേലിനെതിരെ വീണ്ടും സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ.
ഗാസയിൽനിന്ന് പുറത്തുവരുന്ന കൂട്ടക്കുരുതിയുടെ ദൃശ്യങ്ങള്‍ ഹൃദയവേദന ഉണ്ടാക്കുന്നതാണെന്നും മുതലാളിത്ത രാഷ്ട്രങ്ങളുടെ നിലപാട് ലജ്ജാകരമാണെന്നും ജി സുധാകരൻ പറഞ്ഞു.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയന്റെ നേതൃത്വത്തിൽ ഓച്ചിറ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമവും ഐക്യദാർഢ്യസദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര യുദ്ധനിയമങ്ങൾ ലംഘിക്കുന്ന, ലോകരാഷ്ട്രങ്ങളുടെ പിന്തുണയില്ലാത്ത ഇസ്രയേലിനെ ഐക്യരാഷ്ട്രസഭയിൽനിന്ന് പുറത്താക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
















