രസ ബോണ്ട കഴിച്ചിട്ടുണ്ടോ?. രസ വടയേക്കാൾ രുചികരമായ ഒരു ദക്ഷിണേന്ത്യൻ റെസിപ്പയാണിത്. തക്കാളി വഴറ്റി ചേർത്ത് തിളപ്പിച്ച രസത്തിലേയ്ക്ക് വറുത്തെടുത്ത ഉഴുന്നു ബോണ്ട കൂടി ചേർത്ത് കഴിച്ചു നോക്കൂ അസാധ്യ രുചിയാണ്.
ചേരുവകള്‍
വെളുത്തുള്ളി
സവാള
കുരുമുളകുപൊടി
ജീരകം
മല്ലി
എണ്ണ
കറിവേപ്പില
തക്കാളി
ഉപ്പ്
മല്ലിയില
പുളി
ശർക്കര
കടുക്
വറ്റൽമുളക്
തുവരപരിപ്പ്
ഉഴുന്നു പരിപ്പ്
തയ്യാറാക്കുന്ന വിധം
കുറച്ച് വെളുത്തുള്ളി, ഒരു ചുവന്നുള്ളി, ഒരു ടേബിൾസ്പൂൺ കുരുമുളക്, ഒരു ടേബിൾസ്പൂൺ ജീരകം, ഒരു ടേബിൾസ്പൂൺ മല്ലി എന്നിവ അരച്ചെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് കുറച്ച് എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കറിവേപ്പില ചേർത്ത് വറുക്കാം. ഇതിലേയ്ക്ക് അരപ്പ് ചേർത്ത് ഇളക്കാം.മൂന്നോ നാലോ തക്കാളി ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റാം. തക്കാളി വെന്തു കഴിഞ്ഞ് കുറച്ച് മല്ലിയില, പുളി കുതിർത്തു വെച്ച വെള്ളം, ഒരു നുള്ള് ശർക്കര എന്നിവ ചേർത്ത് ഇളക്കാം. കുറച്ച് തുവരപരിപ്പ് വേവിച്ചെടുത്തതും വെള്ളവും കൂടി ചേർത്ത് തിളപ്പിച്ചെടുത്താൽ രസം തയ്യാർ. വെള്ളത്തിൽ കുതിർത്തു വെച്ച ഉഴുന്നു പരിപ്പ് അരച്ചെടുക്കാം. ആ മാവിലേയ്ക്ക് അൽപം ജീരകവും, ചെറുതായി മുറിച്ച കറിവേപ്പിലയും, മല്ലിയിലയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് എണ്ണയൊഴിച്ചു ചൂടാക്കി മാവ് അൽപം വീതം ചേർത്ത് ചെറിയ ബോണ്ട തയ്യാറാക്കാം. കടുകും, വറ്റൽമുളകും, കറിവേപ്പിലയും എണ്ണയിൽ വറുത്തെടുത്തതിനൊപ്പം ഈ കുഞ്ഞൻ ബോണ്ടകൾ കൂടി രസത്തിലേയ്ക്കു ചേർത്തിളക്കി കഴിക്കാം.
















