കോട്ടയം: ചിക്കൻ ഫ്രൈയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കയ്യാങ്കളി. ജീവനക്കാരന്റെ മർദ്ദനത്തിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് പരിക്ക്. ഓർഡർ ചെയ്ത ചെസ്റ്റ് പീസിന് പകരം ചിക്കന്റെ വിങ്സ് പീസ് കിട്ടിയതിനെത്തുടർന്നാണ് തർക്കം ഉണ്ടായത്. ഇതെത്തുടർന്ന് ഭക്ഷണം കഴിക്കാനെത്തിയ ആളെ ഹോട്ടൽ ജീവനക്കാരൻ മർദ്ദിക്കുകയായിരുന്നു.
ഏറ്റുമാനൂർ നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് കയ്യാങ്കളി നടന്നത്. ഭക്ഷണം കഴിക്കാനെത്തിയ തിരുവഞ്ചൂർ സ്വദേശിയും ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ജീവനക്കാരനുമായ നിധിൻ(34) പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടി.
ഹോട്ടലിൽ എത്തിയ നിധിൻ പൊറോട്ടയും ചിക്കൻ ഫ്രൈയുമാണ് ആവശ്യപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയാണ് ഓർഡർ എടുത്തത്. ചിക്കന്റെ ചെസ്റ്റ് പീസ് വേണമെന്ന് നിധിൻ ജീവനക്കാരനോട് പ്രത്യേകം പറയുകയും ചെയ്തു. എന്നാൽ കൊണ്ടുവന്നത് വിങ്സ് പീസ് ആയിരുന്നു. ഇത് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട തന്നോട് വേണമെങ്കിൽ കഴിച്ചാൽ മതിയെന്നായിരുന്നു ജീവനക്കാരന്റെ മറുപടിയെന്നും ഇയാളുടെ സംസാരരീതി ചോദ്യം ചെയ്ത തന്നെ മർദിക്കുകയായിരുന്നുവെന്നും നിധിൻ പറയുന്നു.
നിധിന്റെ നെറ്റിയിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം ജീവനക്കാരൻ കടന്നുകളഞ്ഞെന്നും നിധിൻ പറയുന്നു. പരാതി ലഭിച്ചിട്ടില്ലെന്നും പരാതി വരുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്നും ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
















