ന്യൂഡൽഹി: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ തിരക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിന് പിന്നാലെ അധ്യക്ഷൻ വിജയ്‌യെയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയും ഫോണിൽ വിളിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എംപി. രാഹുലുമായി സംസാരിച്ചതായി സ്റ്റാലിൻ എക്സിലൂടെ വ്യക്തമാക്കി.
എന്നാൽ വിജയ് ഇതുസംബന്ധിച്ച ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇരുവരും 15 മിനിറ്റോളം ഫോണിൽ സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പാർട്ടി പ്രവർത്തകരുടെ മരണത്തിൽ രാഹുൽ വിജയ്‌യെ അനുശോചനം അറിയിച്ചു. സ്റ്റാലിനോട് രാഹുൽ ഗാന്ധി ദുരന്തത്തെ കുറിച്ചും ചികിത്സയിലുള്ളവരെ കുറിച്ചും ചോദിച്ചറിഞ്ഞു. ദുരന്തത്തിൽ അനുശോചനമറിയിച്ച രാഹുൽ ഗാന്ധി ആത്മാർത്ഥമായ പ്രതികരണം നടത്തിയെന്നും സ്റ്റാലിൻ കുറിച്ചു.
അതേസമയം, കരൂർ ദുരന്തത്തിൽ മരണസംഖ്യ 41ആയി ഉയർന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. റാലിയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തിയതോടെയായിരുന്നു അപകടം. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. അവിടെ കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായതെന്നാണ് വിവരം.
















