മധ്യപ്രദേശിൽ താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് 17കാരിയെ വെടിവച്ച് കൊന്ന് മൃതദേഹം നദിയിൽ തള്ളി കുടുംബം. മൊറേന ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥിനിയായ ദിവ്യ സികർവാറാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ, പിതാവ് ഭരത് സികർവാർ പെൺകുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് കല്ലുകെട്ടി വീട്ടിൽ നിന്ന് 30 കി.മീ അകലെയുള്ള കുൻവാരി പുഴയിൽ തള്ളുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. മേൽജാതിയിൽപ്പെട്ട ക്ഷത്രിയ കുടുംബത്തിൽ നിന്നുള്ള ദിവ്യയ്ക്ക് പിന്നാക്ക ജാതിയിൽപ്പെട്ട ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധമാണ് കുടുംബത്തെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
















