മലയാളിക്കെന്നും പ്രിയപ്പെട്ട ലോഹമാണ് സ്വർണ്ണം.രണ്ട്പേരെ തമ്മിൽ കൂട്ടിയോചിപ്പിക്കുന്ന വിവാഹത്തിനും അളവുകോൽ സ്വർണ്ണം തന്നെ. അളന്നുതൂക്കിയുള്ള സ്വർണം വധൂവരൻമാർക്ക് മുന്നിലെ വലിയ സാമ്പത്തിക വെല്ലുവിളിയാണ്. എന്നാൽ, ഇന്ന് മഞ്ഞലോഹത്തിൻ്റെ വിപണി മൂല്യം ചിന്തകൾക്കപ്പുറം ഉയർന്നിരിക്കുകയാണ്.ഇത് വീടിനകത്തെ സമാധനം തകർക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് സമാപകാലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ വരുംനാളുകളിൽ സ്വർണം ഒരു പൊല്ലാപ്പായി മാറും. പരമ്പരാഗത മോഷണക്കേസുകൾക്ക് പുറമെ കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വർണതർക്കങ്ങളും, സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതികളും സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിൽ ദിനംപ്രതി വർധിക്കുകയാണ്.
സ്വർണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഏകദേശം 200 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് പൊലീസ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബന്ധുക്കൾ തമ്മിലുള്ള സ്വത്ത് വിഭജന കേസുകളിലും വിവാഹമോചന കേസുകളിലുമായി രജിസ്റ്റർ ചെയ്ത പരാതികളുടെ മാത്രം എണ്ണമാണിത്. പൊലീസ് സ്റ്റേഷനുകളിൽ കേസ് എടുക്കാതെ ഒത്തുതീർപ്പാക്കിയ കേസുകൾ ഇതിനുപുറമെ വേറെയുമുണ്ട്.
കണ്ണൂരിലും അനുദിനം കേസുകൾ വർധിക്കുകയാണെന്ന് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ അധികൃതർ വ്യക്തമാക്കുന്നു. ഭൂരിഭാഗവും ബന്ധുക്കൾ തമ്മിലുള്ള തർക്കങ്ങളാണെന്നതാണ് പ്രത്യേകത. പണയം വച്ചുകൊടുത്ത സ്വർണം തിരികെ നൽകാത്തതിനെ ചൊല്ലിയുള്ള കേസുകളാണ് കൂടുതലും രജിസ്റ്റർ ചെയ്യുന്നത്.
ബന്ധുക്കൾ മുൻപ് വിവാഹത്തിനും നൂലുകെട്ടിനുമൊക്കെ സമ്മാനമായി നൽകിയ സ്വർണം അതേ ചടങ്ങുകൾക്ക് തിരികെ നൽകുമ്പോൾ പണത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും തർക്കങ്ങൾക്ക് കാരണമാവുന്നുണ്ട്. അടുത്തിടെ തളിപ്പറമ്പ്, തലശ്ശേരി സ്വദേശികൾ തമ്മിലുണ്ടായ തർക്കം കണ്ണൂർ പൊലീസ് ആസ്ഥാനത്ത് വരെ എത്തി. അന്നത്തെ 20,000 രൂപയുടെ സ്വർണത്തിന് ഇപ്പോൾ 72,000 രൂപയാണ് വില അതാണ് പ്രശ്നത്തിന് കാരണം
തലശ്ശേരി, ഇരിട്ടി പൊലീസ് സബ് ഡിവിഷനുകളിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്വർണവില വർധനവ് മൂലമുണ്ടാകുന്ന കേസുകൾ വരുംകാലങ്ങളിൽ പൊലീസുകാർക്ക് വലിയ വെല്ലുവിളിയായി മാറിയേക്കാം. സ്വർണത്തിൻ്റെ വിലവർധന കേവലം സാമ്പത്തിക പ്രശ്നം മാത്രമല്ല, കുടുംബബന്ധങ്ങളിലും സാമൂഹിക ഇടപെടലുകളിലും വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.
2020ൽ എട്ട് ഗ്രാം സ്വർണത്തിന് 42,000 രൂപയായിരുന്നു വിപണിയിലെ വിലയെങ്കിൽ അത് 2025ലെത്തുമ്പോഴേക്ക് 82,560 രൂപയായി. അഞ്ച് വർഷത്തിനുള്ളിൽ 96.7 ശതമാനം വർധനയാണ് സ്വർണവിലയിൽ ഉണ്ടായത്. സ്വർണവില വർധനവിനെ തുടർന്ന് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ വലിയ വർധനവ് ഉണ്ടായിട്ടില്ലെങ്കിലും, സ്റ്റേഷനുകളിൽ എത്തി ഒത്തുതീർപ്പാക്കുന്ന പരാതികളുടെ എണ്ണം വർധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
ബൈക്കിലെത്തി സ്വർണാഭരണം കവരുന്ന പരാതികൾക്ക് പുറമെയാണ് പണയവുമായി ബന്ധപ്പെട്ട പരാതികളും വർധിക്കുന്നത്. ഇത്തരം ഇടപാടുകൾ ഏറ്റവും കൂടുതൽ നടക്കുന്നത് ബന്ധുക്കൾ തമ്മിലാണ്. സാമ്പത്തിക പ്രതിസന്ധിയിൽ ബന്ധുക്കൾക്ക് പണയം വയ്ക്കാനായി കൊടുത്ത സ്വർണാഭരണങ്ങൾ വർഷങ്ങളായി തിരികെ ലഭിക്കാത്ത സാഹചര്യം സാധാരണമായിക്കൊണ്ടിരിക്കുന്നു. ഇത്തരം ഇടപാടുകളിന്മേലാണ് രജിസ്റ്റർ ചെയ്യുന്ന പരാതികൾ കൂടുതലും.
















