ഇന്നലെ മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്‌സ് പള്ളിയിൽ നടന്ന ആക്രമണം അമേരിക്കയിലെ ക്രിസ്ത്യൻ വിഭാഗങ്ങളുടെ സുരക്ഷയാണ് ചോദ്യംചെയ്യപ്പെടുന്നത്. പള്ളിയുടെ മുൻവാതിലിലേക്ക് പിക്കപ്പ് ട്രക്ക് ഇടിച്ചു കയറ്റി, അസോൾട്ട് റൈഫിളുമായി വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയും കെട്ടിടത്തിന് മനഃപൂർവ്വം തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത അക്രമിയുടെ ലക്ഷ്യങ്ങൾ ഇന്നും ചോദ്യചിഹ്നമായി തുടരുകയാണ്. ഈ ക്രൂരമായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം അക്രമം ക്രിസ്ത്യാനികൾക്കെതിരായ ആക്രമണമായി തോന്നുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത് ചർച്ചയാകുകയാണ്.സംഭവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് സൂചന നൽകുന്നുണ്ടെങ്കിലും, പ്രതിയുടെ യഥാർത്ഥ ലക്ഷ്യങ്ങളും അയാളുടെ മാനസികാവസ്ഥയും ഇപ്പോഴും അന്വേഷണത്തിലാണ്. ആക്രമണം നടത്തിയതിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സാൻഫോർഡിനെ ആദ്യ എമർജൻസി കോളിന് എട്ട് മിനിറ്റിനുള്ളിൽ പോലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.തോമസ് ജേക്കബ് സാൻഫോർഡ് എന്ന 40 വയസ്സുകാരനാണ് ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത്. മെഡലുകൾ നേടിയിട്ടുള്ള മുൻ അമേരിക്കൻ മറൈൻ ആയിരുന്നു ഇദ്ദേഹം. സ്വന്തം രാജ്യത്തിനായി സേവനം ചെയ്ത ഒരു സൈനികൻ, എന്തിനാണ് ആരാധനയ്ക്കായി ഒത്തുകൂടിയ നിരായുധരായ വിശ്വാസികളെ ലക്ഷ്യം വെച്ചതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല.
മിഷിഗണിലെ ഈ ആക്രമണം ഈ വർഷം അമേരിക്കയിൽ നടക്കുന്ന 324-ാമത്തെ കൂട്ട വെടിവയ്പ്പാണ് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കൂടാതെ നോർത്ത് കരോലിനയിൽ മറ്റൊരു കൂട്ട വെടിവയ്പ്പ് നടന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ ദുരന്തം സംഭവിച്ചതെന്നതും ശ്രദ്ധേയമാണ്. പ്രതിയുടെ സ്വത്തുക്കൾ, മൊബൈൽ രേഖകൾ എന്നിവ പരിശോധിച്ച് ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് പ്രഖ്യാപിച്ചത് ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്.
















