തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടൻ മോഹന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.’വാനോളം മലയാളം ലാൽസലാം’ എന്നാണ് ചടങ്ങിന് പേരെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് വെച്ചുനടക്കുന്ന ചടങ്ങിൽ മോഹൻലാലിനെ മുഖ്യമന്ത്രി ആദരിക്കും.
‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിലാണ് മോഹന്‍ലാലിനെ ആദരിക്കുക. പരിപാടിയുടെ പേരിലെ ‘ലാല്‍സലാം’ വിവാദമാക്കേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പരിപാടിക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ലാല്‍ സലാം’ എന്നാല്‍ ലാലിനുള്ള സലാം എന്ന് മാത്രമാണ് അര്‍ഥമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കരൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ക്രമീകരണങ്ങളോടെ ആകും പരിപാടി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുന്ന എല്ലാവര്‍ക്കും പരിപാടി കാണാന്‍ അവസരം ഉണ്ടായിരിക്കും.
















