കരൂർ രാജ്യത്തിന്റെ നോവായി മാറിയിരിക്കുകയാണ്. പിഞ്ചുകുഞ്ഞു മുതൽ ഗർഭിണിവരെ മരിച്ചുവീണു. ഈ ദുരന്തമുഖത്തിലും തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ നാടകമാണ് അരങ്ങേറുന്നത്. തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയുടെ പേര് ഒഴിവാക്കി കരുർ ദുരന്തത്തിലെ പോലീസ് എഫ്‌ഐആർ. ടിവികെയിലെ രണ്ടാം നിര, മൂന്നാം നിര നേതാക്കൾക്കെതിരെയാണ് നിലവിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, കരൂരിലെ വേദിയിലേക്ക് എത്തുന്നത് വിജയ് മനഃപൂർവം വൈകിച്ചെന്ന് എഫ്ഐആറിൽ പരാമർശമുണ്ട്. എന്നിട്ടും വിജയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്യാത്തത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ?? കേസ് രജിസറ്റർ ചെയ്ത് ജയിലിലയച്ചാൽ വിജയ് ഇനിയും ശക്തനാകുമെന്ന ഭയമാണോ ഇതിന് കാരണം എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തി. പരിപാടിക്കിടെ ബോധരഹിതരായി 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങൾക്ക് ബോധക്ഷയവും ശ്വാസതടസ്സവുമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു.
പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25000 പേർ പങ്കെടുത്തെന്ന് എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു.
അതേസമയം തമിഴക വെട്രി കഴകം (ടിവികെ) മേധാവി വിജയ് പങ്കെടുത്ത കരൂർ റാലിക്കിടെ വൈദ്യുതി തടസ്സത്തെച്ചൊല്ലിയും വിവാദമുണ്ട്. പൊതുജന സുരക്ഷ കണക്കിലെടുത്ത് ടിവികെ താൽക്കാലിക വൈദ്യുതി മുടക്കം ആവശ്യപ്പെട്ടതായി കാണിക്കുന്ന ഒരു കത്ത് പുറത്തുവന്നു. ശനിയാഴ്ച നടന്ന റാലിയിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേർ മരിക്കുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
താൽക്കാലിക വൈദ്യുതി മുടക്കത്തിനായി ടിവികെ അപേക്ഷ സമർപ്പിച്ചെങ്കിലും അത് നിരസിക്കപ്പെട്ടതായി തമിഴ്‌നാട് വൈദ്യുതി ബോർഡ് (ഇബി) ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 2025 സെപ്റ്റംബർ 27 ന് അർദ്ധരാത്രിക്ക് ശേഷം ഈറോഡ് റോഡിലെ വേലുച്ചാമിപുരത്ത് പ്രതീക്ഷിച്ചിരുന്ന വലിയ ജനക്കൂട്ടത്തെ ചൂണ്ടിക്കാട്ടി ടിവികെയിൽ നിന്ന് കത്ത് ലഭിച്ചതായി ചീഫ് എഞ്ചിനീയറും ജില്ലാ വെസ്റ്റ് സെക്രട്ടറിയുമായ രാജലക്ഷ്മി പറഞ്ഞു, എന്നാൽ അഭ്യർത്ഥന നിരസിക്കപ്പെട്ടു.
പൊതുജന സുരക്ഷ ഉറപ്പാക്കാൻ വിജയ് പ്രസംഗിക്കുന്ന സമയത്ത് മാത്രം വൈദ്യുതി ഓഫാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. “വേലുച്ചാമിപുരം തിരക്കേറിയ പ്രദേശമായതിനാലും വലിയൊരു ജനക്കൂട്ടം വരുമെന്നതിനാലും, പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നേതാവ് പ്രസംഗിക്കുന്ന നിശ്ചിത സമയത്തേക്ക് മാത്രം വൈദ്യുതി ഓഫാക്കണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു,” കത്തിൽ പറയുന്നു.
സംഭവത്തിൽ ജാഗ്രതയോടെയാണ് സംസ്ഥാനം ഭരിക്കുന്ന ഡിഎംകെ സർക്കാരിന്റെ നീക്കം. പ്രതിപ്പട്ടികയിൽ വിജയ്‌യുടെ പേര് ഉൾപ്പെടുത്തുന്നത് ഡിഎംകെയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നുള്ള വ്യാഖ്യാനം വരാൻ സാധ്യതയുണ്ട്. കൂടാതെ വിജയ്‌ക്കെതിരായ ഏതൊരു അടിയന്തര നടപടിയും അറസ്റ്റ്, ചോദ്യം ചെയ്യൽ, എഫ്ഐആറിൽ പരാമർശം പോലും സംസ്ഥാനത്തെ ഏറ്റവും മികച്ച സിനിമാ ആരാധകനായ അദ്ദേഹത്തോടുള്ള സഹതാപ തരംഗത്തിന് കാരണമാകുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. ഇത് ഒഴിവാക്കാനാണ് പ്രതിപട്ടികയിൽ നിന്ന് വിജയ്‌യുടെ പേര് ഒഴിവാക്കിയത്.
ഏതായാലും സംഭവം അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി അരുണ ജഗദീശിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മതി വിജയ്‌ക്കെതിരെ നടപടിയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സംഭവത്തിൽ ഹൈക്കോടതിയുടെ ഇടപെടലും സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം കരൂർ ദുരന്തം സർക്കാർ ഗൂഢാലോചനയുടെ ഫലമെന്ന് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ പറഞ്ഞു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം. ഡിഎംകെ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിലുള്ള പ്രതികാരമാണെന്നും ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കരൂരിൽ സംഭവിച്ചതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയായ സിബിഐ അന്വേഷണം വേണമെന്നും ടിവികെ സത്യവാങ്മൂലത്തിൽ പറയുന്നു.
















