പരിഷ്‌കരിച്ച ജിഎസ്‌ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തെ കാറുകളുടെ വില്‍പന വർധിച്ചിരിക്കുകയാണ്. 1200 സിസി വരെയുള്ള പെട്രോള്‍ എഞ്ചിന്‍, എല്‍പിജി, സിഎന്‍ജി കാറുകള്‍ക്കും 1500 സിസി വരെയുള്ള ഡീസല്‍ എഞ്ചിന്‍ കാറുകള്‍ക്കും ജിഎസ്‌ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ജിഎസ്‌ടി 2.0 കാരണം ചെറുകിട വാഹനങ്ങൾക്ക് വില കുറഞ്ഞതിനാൽ തന്നെ കോംപാക്റ്റ് എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇതൊരു മികച്ച സമയമായിരിക്കും.
ജിഎസ്‌ടി പരിഷ്‌കരണത്തിന് ശേഷം ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുന്ന മികച്ച അഞ്ച് സബ്-കോംപാക്റ്റ് എസ്‌യുവികൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
കിയ സിറോസ്:
സബ്-കോംപാക്റ്റ് എസ്‌യുവിയായ കിയ സിറോസിനാണ് ജിഎസ്‌ടി പരിഷ്‌കരണത്തിന് ശേഷം ഈ വിഭാഗത്തിൽ ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുന്നത്. ഏകദേശം 1.86 ലക്ഷം രൂപയാണ് വില കുറയുക. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയുടെ സ്റ്റൈലിഷായ, ഒപ്പം മികച്ച സാങ്കേതികവിദ്യയുമുള്ള വാഹനമാണമാണ് സബ്-കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിലുള്ള സിറോസ്. നിലവിലെ ജിഎസ്‌ടി ആനുകൂല്യങ്ങൾ ഇതിനെ മികച്ച തെരഞ്ഞെടുപ്പാക്കി മാറ്റുന്നു. കിയ സിറോസിന്‍റെ HTK വേരിയന്‍റിന് 8,67,053 രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭവില.
മഹീന്ദ്ര XUV 3XO:
ഡീസൽ പതിപ്പായ മഹീന്ദ്ര XUV 3XO ജിഎസ്‌ടി പരിഷ്‌കരണത്തിന് ശേഷം 1.56 ലക്ഷം രൂപ വരെ വിലക്കുറവോടെയാണ് വരുന്നത്. ഇന്ത്യൻ വാഹന നിർമ്മാതാവായ മഹീന്ദ്രയ്‌ക്ക് സ്കോർപിയോ, ഥാർ, ബൊലേറോ തുടങ്ങിയ എസ്‌യുവികൾ എങ്ങനെ നിർമ്മിക്കാമെന്ന് മാത്രമല്ല, ഒരു സബ്-കോംപാക്റ്റ് എസ്‌യുവി നിർമിക്കാനും കഴിയുമെന്നാണ് XUV 3XOയുടെ വരവ് തെളിയിച്ചത്. ശക്തമായ റോഡ് സാന്നിധ്യവും പെപ്പി എഞ്ചിനും അതിനൊപ്പം ഇപ്പോഴത്തെ വിലക്കുറവും ഉള്ളതിനാൽ, മഹീന്ദ്ര XUV 3XO സബ്-കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്‍റിലെ ഒരു മികച്ച ഓപ്‌ഷനാണെന്ന് പറയാം. ഇതിന്‍റെ MX2 ഡീസൽ വേരിയന്‍റിന് 8,94,900 രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭവില.
കിയ സോണറ്റ്:
ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ജിഎസ്‌ടി പരിഷ്‌കരണത്തിന് ശേഷം ഏറ്റവും വലിയ വിലക്കുറവ് ലഭിക്കുന്ന മറ്റൊരു മികച്ച സബ്-കോംപാക്റ്റ് എസ്‌യുവിയാണ് സോണറ്റ്. 1.64 ലക്ഷം രൂപ വരെയാണ് ജിഎസ്‌ടി പരിഷ്‌കരണത്തിന് ശേഷം ഇതിന് വില കുറഞ്ഞത്. ഇത് ഈ വില വിഭാഗത്തിലെ ശക്തമായ ഒരു എതിരാളിയാക്കുന്നു. കിയ സോണറ്റിന്‍റെ HTE വേരിയന്‍റിന് ഇപ്പോൾ 7,30,138 രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭവില.
ടാറ്റ നെക്‌സോൺ:
ടാറ്റയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ്-കോംപാക്റ്റ് എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ. ദൃഢമായ നിർമ്മാണം, രൂപം, വൈവിധ്യമാർന്ന വേരിയന്‍റുകൾ എന്നിവ തന്നെയാണ് ഇതിന് കാരണം. ഏകദേശം 1.55 ലക്ഷം രൂപയുടെ വിലക്കുറവാണ് പുതുക്കിയ ജിഎസ്‌ടി നിരക്കുകൾ നിലവിൽ വന്നതിന് പിന്നാലെ ഇതിന് ലഭിച്ചിരിക്കുന്നത്. നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നതിനാൽ, മികച്ച സുരക്ഷയും സവിശേഷതകളും ആഗ്രഹിക്കുന്നവർക്ക് കുറഞ്ഞ വിലയിൽ വാങ്ങാവുന്ന ഒരു ഓപ്‌ഷനായിരിക്കും ഇത്. ഇതിന്‍റെ സ്‌മാർട്ട് വേരിയന്‍റിന് 7,31,890 രൂപയാണ് (എക്‌സ്-ഷോറൂം) പ്രാരംഭവില.
ഹ്യുണ്ടായി വെന്യു:
ജിഎസ്‌ടി പരിഷ്‌കരണത്തിന് ശേഷം, ഹ്യുണ്ടായി വെന്യുവിന് ഏകദേശം 1.24 ലക്ഷം രൂപയുടെ വിലക്കുറവാണ് ലഭിച്ചിരിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവും വലിയ വിലക്കുറവല്ല വെന്യുവിന് ഉള്ളതെങ്കിലും, ബജറ്റ് നോക്കി വാങ്ങുന്നവരെ സംബന്ധിച്ച് ഹ്യുണ്ടായി വെന്യു ഒരു മികച്ച ഓപ്‌ഷൻ തന്നെയാണ്. മികച്ച ഡിസൈൻ, സവിശേഷതകൾ, ഹ്യുണ്ടായിയുടെ വിപുലമായ സേവന ശൃംഖലകൾ എന്നിവയാൽ ഹ്യുണ്ടായി വെന്യു ആകർഷകമായ ഒരു ഓപ്‌ഷനായിരിക്കാം. ഇതിന്‍റെ MT E വേരിയന്‍റിന് 7,26,381 രൂപ (എക്‌സ്-ഷോറൂം) പ്രാരംഭവില.
















