ജയ്പുർ: സീരിയൽ ബാലതാരവും സഹോദരനും അന്തരിച്ചു. വീർ ശർമയും (8) സഹോദരൻ ശൗര്യ ശർമയും ആണ് വീടിനു തീപിടിച്ച് ശ്വാസംമുട്ടി മരിച്ചത്. ശ്രീമദ് രാമായൺ എന്ന സീരിയലിലെ പുഷ്കൽ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ തരമാണ് വീർ ശർമ. രാജസ്ഥാനിലെ കോട്ടയിൽ ആണ് സംഭവം ഉണ്ടായത്.
അനന്തപുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദീപ്ശ്രീ ബിൽഡിങ്ങിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവം നടക്കുമ്പോൾ വീർ ശർമയും പതിനാറുകാരനായ സഹോദരനും വീട്ടിൽ തനിച്ചായിരുന്നു. ഞായറാഴ്ച രണ്ടുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുടെയും അമ്മയും നടിയുമായ റിത ശർമയും അച്ഛൻ ജിതേന്ദ്ര ശർമയും വീട്ടിലില്ലാത്ത സമയത്താണ് അപകടമുണ്ടായത്.
ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ട സിറ്റി എസ്പി തേജസ്വിനി ഗൗതം പറഞ്ഞു. കുട്ടികൾ ഉറങ്ങുന്ന സമയത്താകാം തീപടർന്നതെന്നും തീപ്പൊള്ളലിനേക്കാൾ പുക ശ്വസിച്ചതാവാം മരണകാരണമായതെന്നും തേജസ്വിനി പറഞ്ഞു.
വീടിന് ചുറ്റും പുക കണ്ടതോടെ അയൽവാസികൾ വാതിൽ തല്ലിപ്പൊളിച്ച് അകത്തെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. അബോധാവസ്ഥയിലായിരുന്ന കുട്ടികളെ ഉടനെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ യഥാർഥ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
















