ഉപ്പും പുളിയും എരിവുമൊക്കെയുള്ള കറികളോടാണ് നമ്മൾ മലയാളികൾക്ക് കൂടുതൽ താത്പര്യം. പുളിയില്ലാത്ത മീൻ കറിയും, രസവും സാമ്പാറുമൊക്കെ നമുക്ക് ചിന്തിക്കാനേ കഴിയില്ല. ഭക്ഷണത്തിന്‍റെ രുചി വർധിപ്പിക്കുമെന്ന് മാത്രമല്ല നിരവധി പോഷക ഗുണങ്ങളും പുളിയിൽ അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്‌സിഡന്‍റ്, മഗ്നീഷ്യം, നാരുകൾ, ഫ്ലേവനോയ്‌ഡുകൾ, പോളിഫെനോളുകൾ എന്നിവയെല്ലാം പുളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ ആരോഗ്യ ഗുണങ്ങൾ പലതുണ്ടെങ്കിലും അമിതമായ പുളിയുടെ ഉപയോഗം ശരീരത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. പുളി അമിതമായി കഴിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് അറിയാം.
ദഹന പ്രശ്‌നങ്ങൾ
പുളിയിൽ ഉയർന്ന അളവിൽ പ്രകൃതിദത്ത ആസിഡുകളും നാരുകളും അടങ്ങിയിട്ടുണ്ട്. അമിതമായി ഇത് കഴിക്കുന്നത് ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കും. ഗ്യാസ് നിറഞ്ഞ് വയറ് വീർക്കാനും വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും.
നെഞ്ചെരിച്ചിൽ
ടാർടാറിക്, മാലിക്, സിട്രിക് ആസിഡുകൾ തുടങ്ങിയ പ്രകൃതിദത്ത ആസിഡുകൾ പുളിയിൽ ഉയർന്ന അളവിലുണ്ട്. അമിതമായ പുളിയുടെ ഉപഭോഗം ആമാശയത്തിൽ ആസിഡിന്‍റെ അളവ് വർധിക്കാൻ ഇടയാക്കും. ഇത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലെക്‌സ്, അൾസർ, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് പുളിയ്ക്കുണ്ടെന്ന് എൻഐഎച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പ്രമേഹ രോഗികൾക്ക് പൊതുവെ ഗുണകരമായ ഒന്നാണ് പുളി. എന്നാൽ പ്രമേഹ മരുന്നുകൾക്കൊപ്പം അമിത അളവിൽ പുളി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയാൻ ഇടയാക്കും. ഇത് തലകറക്കം, ബലഹീനത എന്നിവയിലേക്ക് നയിക്കും.
പല്ലിന് കേടുപാടുകൾ ഉണ്ടാക്കും
പുളിയിലെ അസിഡിറ്റി പല്ലിന്‍റെ ഇനാമലിനെ ദുർബലപ്പെടുത്തും. പതിവായി ഇത് കഴിക്കുന്നത് പല്ലിന്‍റെ സംവേദക്ഷമതയ്ക്കും പല്ല് ക്ഷയിച്ചു പോകാനും ഇടയാകും. അതിനാൽ പുളി അടങ്ങിയ ഭക്ഷണപാനീങ്ങൾ കഴിച്ചാൽ വായ കഴുകാൻ മറക്കരുത്.
അലർജി
അമിതമായ പുളിയുടെ ഉപഭോഗം ചില ആളുകളിൽ ചർമ്മത്തിൽ തിണർപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവ അനുഭവപ്പെടാൻ കാരണമാകും. അപൂർവമായി ചിലരിൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.
മരുന്നുകളുമായുള്ള ഇടപെടൽ
പുളി അമിതമായി കഴിക്കുന്നത് ആസ്‌പിരിൻ, ഇബുപ്രൊഫെൻ, ആന്‍റി ഓകോഗുലന്‍റ് പോലുള്ള ചില മരുന്നുകളുടെ ആഗിരണം വർധിപ്പിക്കുകയും രക്തസ്രാവം, വിഷബാധ തുടങ്ങിയവയുടെ സാധ്യത കൂട്ടുകയും ചെയ്തേക്കാം. അതിനാൽ പതിവായി മരുന്നുകൾ കഴിക്കുന്ന ആളുകൾ ഡോക്‌ടറുടെ നിരദേശ പ്രകാരം മാത്രമേ ഭക്ഷണത്തിൽ പുളി ചേർക്കാവൂ.
കലോറി വർധിപ്പിക്കും
പുളിയിൽ കലോറി മിതമായ അളവിൽ മാത്രമേ അടങ്ങിയിട്ടുള്ളൂ. എന്നാൽ പുളി മുട്ടായി, പേസ്റ്റുകൾ, പാനീയങ്ങൾ തുടങ്ങിയ സംസ്‌കരിച്ച ഉത്പന്നങ്ങളിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായി ഇവ കഴിക്കുന്നത് അമിതമഭാരം, പ്രമേഹം, ദന്ത പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിച്ചേക്കും.
അതേസമയം ഭക്ഷണത്തിൽ മിതമായ അളവിൽ പുളി ചേർക്കുന്നത് സുരക്ഷിതമാണ്. മാത്രമല്ല ദഹനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കും. എന്നാൽ, ദിവസവും വലിയ അളവിൽ കഴിക്കുമ്പോഴാണ് പ്രധാനമായും പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. നിലവിൽ ദഹന പ്രശ്‌നങ്ങളോ പ്രമേഹമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ള ആളുകൾ പുളിയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.















