കരൂർ വിഷയത്തിൽ ദ്രാവിഡ രാഷ്ട്രീയം കലുഷിതമായിരിക്കുകയാണ്. ഈ സംഭവം വിജയ് യുടെ ജനനായക ഇമേജ് ഇല്ലാതാക്കാനാണ് ഡിഎംകെ ശ്രമിക്കുന്നതെങ്കിൽ കരൂർ ഡിഎംകെയ്ക്ക് നേരെയുള്ള ആയുധമായാണ് ബിജെപി കരുതുന്നത്. ഡിഎംകെയെ വിമർശിക്കുമ്പോഴും വിജയ് യുമായൊരു സഖ്യവും ബിജെപിയുടെ മനസ്സിലുണ്ടെന്ന് വേണം കരുതാൻ..
സംഭവത്തിന് ശേഷം അണ്ണാമലൈ നടത്തിയ പ്രസ്ഥാവന തന്നെ ഇതിനുദാഹരണമാണ്. . സുരക്ഷാ ക്രമീകരണങ്ങളിലെ പിഴവാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. “ഒരു രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിന്, എത്രപേർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് കണക്കാക്കുന്നതും, അനുയോജ്യമായ വേദി തിരഞ്ഞെടുക്കുന്നതും, ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതും പോലീസിന്റെ ഉത്തരവാദിത്തമാണ്. വേദിയിൽ വൈദ്യുതി മുടങ്ങിയെന്ന റിപ്പോർട്ടുകളും ആശങ്കാജനകമാണ്,” അണ്ണാമലൈ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളുടെ പരിപാടികൾക്ക് മതിയായ സുരക്ഷ നൽകാതിരിക്കാൻ ഡിഎംകെ മനഃപൂർവം ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സ്വന്തം പാർട്ടി പരിപാടികൾക്ക് ഒരു ജില്ലയിലെ മുഴുവൻ പോലീസ് സേനയെയും വിന്യസിക്കുന്ന ഡിഎംകെ സർക്കാർ മറ്റ് പാർട്ടികളുടെ പരിപാടികൾക്ക് പോലീസിനെ വിട്ടു നൽകാറില്ല. സുരക്ഷാ വീഴ്ചകളെക്കുറിച്ചും വൈദ്യുതി തടസ്സത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. ഈ സമയത്തും രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തുകയാണ് പാർട്ടികൾ. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് വളരാൻ വിജയിയെ പോലൊരാൾ വേണമെന്ന് പാർട്ടി കരുതുന്നുണ്ടാകാം. ഇതിന് മുമ്പും തമിഴ് സിനിമ ലോകത്തിൽ നിന്ന് സഖ്യകക്ഷിയുണ്ടാക്കാൻ പാർട്ടി ശ്രമിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ അണ്ണാമലൈയുടെ പ്രസ്ഥാവന സ്റ്റാലിനുള്ള വടി മാത്രമല്ല വിജയ്ക്കുള്ള തലോടൽ കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു.
















