ലഡാക്കിലെ പ്രശ്നപരിഹാരത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച ചര്‍ച്ചയ്ക്കില്ലെന്ന് ലേ അപക്സ് ബോഡി അറിയിച്ചു. മേഖലയില്‍ സമാധാനം തിരിച്ചുവരാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് അപക്സ് ബോഡിയുടെ നിലപാട്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന പരാമര്‍ശം പിന്‍വലിക്കണമെന്നാണ് അപക്സ് ബോഡിയുടെ ആവശ്യം. തുടര്‍ന്ന് ചര്‍ച്ച ഒക്ടോബര്‍ ആറാം തിയതിയിലേക്ക് മാറ്റി. കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെയും ലേ അപക്സ് ബോഡിയുടെയും പ്രതിനിധികളെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. പിന്നാക്ക സംവരണ പരിധി ഉയര്‍ത്തല്‍, സര്‍ക്കാര്‍ ജോലികളില്‍ തസ്തിക വര്‍ധിപ്പിക്കല്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി ലഡാക്ക് ജനതയെ കൂടെ നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
സെപ്റ്റംബര്‍ ഇരുപത്തിനാലിനാണ് ലഡാക്കിന് സ്വതന്ത്ര പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമാധാനപരമായ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും അമ്പതിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് ഉള്‍പ്പെടെ അമ്പതിലേറേ പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
സോനം വാങ്ചുക്കിന്റെ എന്‍ജിഒ ആയ സ്റ്റുഡന്റ് എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്കിന്റെ (സെക്മോള്‍) വിദേശ സംഭാവന സ്വീകരിക്കാനുളള എഫ്സിആര്‍എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെ സെപ്റ്റംബര്‍ 26-നാണ് സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തത്. വാങ്ചുക്കിന്റെ പ്രകോപനപരമായ പ്രസംഗമാണ് കലാപത്തിന് വഴിവെച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിച്ചത്.
അതെസമയം സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ലഡാക്ക് ജനത ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആക്രമണത്തിനിരയായി എന്നാണ് രാഹുല്‍ ആരോപിച്ചത്.
സോനം വാങ്ചുക്കിനെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ദേശസുരക്ഷാ നിയമപ്രകാരമുളള കുറ്റങ്ങളാണ് ചാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്. സോനം വാങ്ചുക്കിന് പാക് ബന്ധമുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാക് ബന്ധം, സാമ്പത്തിക ക്രമക്കേടുകള്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് വാങ്ചുക്കിനെതിരെ ചുമത്തിയിരിക്കുന്നത്.
പിന്നാലെ വാങ്ചുക്കിന് പാകിസ്താന്‍ ബന്ധമില്ലെന്നും ലഡാക്കിലെ അക്രമങ്ങള്‍ക്കു പിന്നില്‍ സുരക്ഷാ സേനയാണെന്നും ആരോപിച്ച് പങ്കാളി ഗീതാഞ്ജലി ആങ്മോ രംഗത്തെത്തിയിരുന്നു.
















