ഇന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ. ചില പ്രത്യേക സമുദായങ്ങളെ സംഘം ലക്ഷ്യമിടുന്നതായി കാനഡ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗ്രി പറഞ്ഞു. കാനഡയിലുള്ള എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കാനഡയിലെ പൊതുസുരക്ഷാ മന്ത്രി പറഞ്ഞു. ‘അക്രമത്തിനും ഭീകരതയ്ക്കും കാനഡയില്‍ സ്ഥാനമില്ല, കാനഡയിലെ ഓരോ വ്യക്തിക്കും അവരുടെ വീട്ടിലും സമൂഹത്തിലും സുരക്ഷിതമായി ജീവിക്കാൻ അവകാശമുണ്ട്. ഒരു സർക്കാർ എന്ന നിലയില്‍ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ അടിസ്ഥാനപരമായ ഉത്തരവാദിത്തമാണ്. ബിഷ്‌ണോയി സംഘം ചിലരെ ഭീകരതയ്ക്കും അതിക്രമത്തിനും ഇരയാക്കിയിട്ടുണ്ട്. ഈ സംഘത്തെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഇവരുടെ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ശരിയായ മാര്‍ഗമാണ്” – ഗാരി പറഞ്ഞു.
ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതോടെ, ബിഷ്‌ണോയ് സംഘത്തിന്‍റെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ സർക്കാരിനു കഴിയും. ഇത് സംഘാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കനേഡിയന്‍ നിയമപാലകര്‍ക്ക് നിയമപരമായ അധികാരവും നല്‍കും. വടക്കേ ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലെ അംഗങ്ങള്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകം, സിഖ് നേതാവ് നിജ്ജറിന്റെ കാനഡയിലെ കൊലപാതകം എന്നിവയില്‍ സംഘത്തിന് പങ്കുണ്ട്. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ സംഘം നിരവധി തവണ ശ്രമിക്കുകയും ചെയ്തു.മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയത് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണ്.
STORY HIGHLIGHT: canada-declares-lawrence-bishnoi-gang-terror-group-amid-reset-in-india-ties
















