ബോളിവുഡ് റാപ്പർ ബാദ്ഷയുടെ യാത്രകൾക്ക് പുതിയ കൂട്ട്. ആഡംബര വാഹനമായ റോള്‍സ് റോയിസ് അദ്ദേഹം സ്വന്തമാക്കി. റോള്‍സ് റോയിസ് എസ്‌യുവി മോഡലായ കള്ളിനന്‍ സീരീസ് ടൂ ആണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. നിരവധി ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഉണ്ട്. 12 കോടി രൂപയാണ് താരം സ്വന്തമാക്കിയ റോള്‍സ് റോയിസ് കള്ളിനനിന്റെ വില.
ബാദ്ഷയുടെ വാഹനശേഖരത്തിലെ രണ്ടാമത്തെ റോള്‍സ് റോയിസ് വാഹനമാണ് ഇപ്പോള്‍ എത്തിയിട്ടുള്ള കള്ളിനന്‍ സീരീസ് ടൂ. റെയ്ത്ത് ആയിരുന്നു അദ്ദേഹത്തിന്റെ ഗ്യാരേജിലെത്തിയ ആദ്യ റോള്‍സ് റോയിസ് മോഡല്‍. പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷവും സില്‍ പ്ലേറ്റില്‍ സ്വന്തം പേര് പതിപ്പിച്ചത് ഉള്‍പ്പെടെ വാഹനത്തില്‍ വരുത്തിയിട്ടുള്ള കസ്റ്റമൈസേഷനും അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
റെഗുലര്‍ കള്ളിനനില്‍ നിന്ന് വലിയ മാറ്റങ്ങളോടെയാണ് കള്ളിനന്‍ സീരീസ് ടൂ എത്തിയത്. എക്സ്റ്റീരിയറില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങളില്‍ ശ്രദ്ധേയം ബമ്പറിനോളം നീളുന്ന എല്‍.ഇ.ഡി. ഡി.ആര്‍.എല്ലുകളാണ്. ഹെഡ്ലൈറ്റിന്റെ ഡിസൈനിലും ശ്രദ്ധേയമായ അഴിച്ചുപണികള്‍ റോള്‍സ് റോയിസ് വരുത്തിയിട്ടുണ്ട്. ലൈറ്റുകള്‍ നല്‍കിയിട്ടുള്ള റോള്‍സ് റോയിസ് സിഗ്‌നേച്ചര്‍ ഗ്രില്ലും എയര്‍ ഇന്‍ടേക്കുകള്‍ നല്‍കിയ ബമ്പറും 23 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളുമാണ് പ്രധാന വ്യത്യാസങ്ങള്‍.ആഡംബരത്തിന് പ്രാധ്യാനം നല്‍കിയുള്ള ഫീച്ചറുകളാണ് ഇന്റീരിയറിലും സ്ഥാനം പിടിച്ചിരിക്കുന്നത്. ഡാഷ്ബോര്‍ഡില്‍ ഉടനീളം നല്‍കിയിട്ടുള്ള ഗ്ലാസ് പാനല്‍, യാത്രക്കാരന്റെ ഏരിയയില്‍ ഇല്ലുമിനേറ്റഡ് ഡാഷ് പാനലും നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ, രണ്ട് സ്‌ക്രീനുകളും ഡാഷ്ബോര്‍ഡില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഒന്ന് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മറ്റൊന്ന് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററുമാണ്. റോള്‍സ് റോയിസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ അധിഷ്ഠിതമായാണ് ഇന്‍ഫോടെയ്ന്‍മെന്റ് പ്രവര്‍ത്തിക്കുന്നത്.
വാഹനത്തിന്റെ എക്സ്റ്റീരിയറിലേയും ഇന്റീരിയറിലേയും നിറത്തിന് അനുസരിച്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിന്റെ നിറം മാറ്റുന്നതിനുള്ള വി12 റോള്‍സും നല്‍കിയിട്ടുണ്ട്. റിമോട്ട് വെഹിക്കിള്‍ ലോക്കിങ്ങ്, വാഹനത്തിലേക്ക് നേരിട്ട് ലൊക്കേഷന്‍ ഷെയറിങ്, ലോക്കേഷന്‍ തിരിച്ചറിയാനും സഹായിക്കുന്ന റോള്‍സ് റോയിസിന്റെ ആപ്പും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. ഡാഷ് ബോര്‍ഡില്‍ ഒരു അനലോഗ് ക്ലോക്കും നല്‍കുന്നുണ്ട്. മസാജ് സംവിധാനമുള്ള പിന്‍സീറ്റും സ്‌ക്രീനുകളുമാണ് രണ്ടാം നിരയില്‍ നല്‍കിയിട്ടുള്ളത്.റെഗുലര്‍ കള്ളിനന്‍ മോഡലിന് കരുത്തേകുന്ന എന്‍ജിന്‍ തന്നെയാണ് സീരീസ് ടൂവിലും പ്രവര്‍ത്തിക്കുന്നത്. 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എന്‍ജിനാണിത്. 563 ബിഎച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമേകുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. എട്ട് സപീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. ഷാരൂഖ് ഖാന്‍, അല്ലു അര്‍ജുന്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയ സെലിബ്രിറ്റികളുടെ ഗ്യാരേജിലും റോള്‍സ് റോയിസിന്റെ ഈ എസ്‌യുവി മുമ്പുതന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.
















