കരൂർ അപകടത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. കരൂരിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അതിനിടെ വിജയിയുടെ നേതൃത്വത്തില്‍ പാർട്ടി നേതാക്കളുടെ യോഗം ചേർന്നു.പട്ടിണംപാക്കത്തെ വിജയ്‌യുടെ ഫ്ലാറ്റിലാണ് യോഗം ചേർന്നത്. യോഗത്തിന് ശേഷം വിജയ് നീലാങ്കരയിലെ വീട്ടിലേക്ക് മടങ്ങി.അതേസമയം കരൂരിൽ ടിവികെയുടെ റാലിയിലെത്താൻ വിജയ് മനപൂർവം വൈകിയെന്ന് എഫ്ഐആർ. പാർട്ടിയുടെ കരുത്ത് കാട്ടാനായിരുന്നു ഇത്. ടിവികെ നേതാക്കളോട് അപകടസാധ്യത വ്യക്തമാക്കിയിരുന്നെങ്കിലും ഗൗനിച്ചില്ലെന്നും എഫ്ഐആറിലുണ്ട്.
അതിനിടെ വ്യാജ പ്രചാരണം നടത്തരുതെന്നും എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.അപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. ദുരന്തം അന്വേഷിക്കാൻ പ്രത്യേകസംഘത്തെ തമിഴ്നാട് സർക്കാർ നിയോഗിച്ചു. ഇതിനിടെ കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവത്തിത്തിൽ ടി.വി.കെ. നേതാവും നടനുമായ വിജയ്‌യെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധി, വിജയ്‌യുമായി സംസാരിച്ചത്.
STORY HIGHLIGHT : TVK Karur West District Secretary Mathiyazhagan Arrested
















