വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ സമാധാന പദ്ധതി ട്രംപ് നെതന്യാഹുവിന് മുന്‍പില്‍ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ.
പ്രാദേശികസമയം തിങ്കളാഴ്ച രാവിലെ 11 മണിയോടെ വൈറ്റ്ഹൗസിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിക്കുക. അതേസമയം, ഇത് അല്പം വൈകിയേക്കുമെന്നും സൂചനകളുണ്ട്. നെതന്യാഹു എത്തുന്നതിന്റെ മുന്നോടിയായി വൈറ്റ്ഹൗസിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 11 മണിയോടെ വൈറ്റ് ഹൗസിലെത്തുന്ന നെതന്യാഹുവിനെ ട്രംപ് സ്വീകരിക്കും. ഇതിനുശേഷം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ആരംഭിക്കും. 12 മണിയോടെ ട്രംപും നെതന്യാഹുവും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് ഒന്നേകാലോടെ ഇരുവരും സംയുക്തമായി വാര്‍ത്താസമ്മേളനത്തിലും പങ്കെടുമെന്നാണ് നിലവില്‍ പുറത്തുവരുന്നവിവരങ്ങള്‍.ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി 21 നിര്‍ദേശങ്ങളടങ്ങിയ സമാധാനപദ്ധതിയാണ് യുഎസ് അവതരിപ്പിക്കുകയെന്ന് യുഎസിന്റെ മിഡില്‍ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിക്കോഫ് പറഞ്ഞിരുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. പക്ഷേ, ചില മാധ്യമങ്ങള്‍ യുഎസിന്റെ സമാധാനപദ്ധതിയെക്കുറിച്ചുള്ള ചില സൂചനകള്‍ റിപ്പോര്‍ട്ട്‌ചെയ്തിട്ടുണ്ട്. ഭാവിയിലെ പലസ്തീന്‍ രാഷ്ട്രത്തിലേക്കുള്ള ഒരു പാതയായിരിക്കും ഈ സമാധാനപദ്ധതിയെന്നാണ് ടൈംസ് ഓഫ് ഇസ്രേയല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പലസ്തീനികളെ ഗാസയില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ഹമാസിനെ നിരായുധീകരിക്കാനുള്ള പ്രതിബദ്ധതയും പുതിയ പദ്ധതിയിലുണ്ടെന്നാണ് സൂചന. എന്നാല്‍, ട്രംപ് മുന്നോട്ടുവെയ്ക്കുന്ന നിര്‍ദേശങ്ങളെല്ലാം നെതന്യാഹു അംഗീകരിക്കുമോ എന്നത് വലിയ ചോദ്യമാണ്. അടുത്തിടെ യുഎന്നില്‍ സംസാരിച്ചപ്പോഴും പലസ്തീന് രാഷ്ട്രപദവി നല്‍കുന്നതിനെ നെതന്യാഹു ശക്തമായി എതിര്‍ത്തിരുന്നു. ഇസ്രയേല്‍-ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള 21 നിര്‍ദേശങ്ങളടങ്ങിയ സമാധാനപദ്ധതിയെക്കുറിച്ച് ട്രംപ് നെതന്യാഹുവുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഹമാസും ഇസ്രയേലും അല്പം വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുകൂട്ടരും അല്പം അസന്തുഷ്ടരായേക്കാമെന്നും എന്നാല്‍, ഇങ്ങനെയാണ് തങ്ങള്‍ ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പോവുന്നതെന്നും കരോലിന്‍ ലീവിറ്റ് പറഞ്ഞു. അതേസമയം, ഗാസ വിഷയത്തില്‍ ഒരു കരാറിലും അന്തിമമായ തീരുമാനമെടുത്തിട്ടില്ലെന്ന് കഴിഞ്ഞദിവസം നെതന്യാഹു വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ നിര്‍ദേശങ്ങള്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഹമാസും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
















