കരൂരിൽ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. 25 പേർ ശ്വാസമെടുക്കാനാവാതെ മരിച്ചതായും 10 പേർ വാരിയെല്ല് തകർന്ന് മരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദുരന്തത്തിൽ ഒൻപത് കുട്ടികൾക്ക് വാരിയെല്ല് തകർന്നായിരുന്നു ജീവൻ നഷ്ടമായത്. മരിച്ചവരിൽ പലരുടെയും ആന്തരിക അവയവങ്ങൾ തകർന്നെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. മരിച്ചവരിൽ പലർക്കും മൂന്ന് മിനിറ്റിലധികം സമയം ശ്വാസമെടുക്കാൻ സാധിച്ചിരുന്നില്ലെന്നതും ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. പലരും ആശുപത്രിയിലേക്കുള്ള വഴിയേ മരിച്ചതായും വ്യക്തമാകുന്നു. മരിച്ചതിൽ രണ്ട് കുട്ടികളുടെ ശ്വാസകോശം ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
അതേസമയം കരൂരിലെ വേദിയിലേക്ക് എത്തുന്നത് ടിവികെ നേതാവും നടനുമായ വിജയ് മനഃപൂർവം വൈകിച്ചെന്ന് ആരോപിച്ചാണ് എഫ്ഐആർ. നിബന്ധനകൾ പാലിക്കാതെ സ്വീകരണ പരിപാടികൾ നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ആവശ്യത്തിന് വെള്ളമോ മെഡിക്കൽ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും എഫ്ഐആറിൽ രേഖപ്പെടുത്തി. പരിപാടിക്കിടെ ബോധരഹിതരായി 11 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊതുജനങ്ങൾക്ക് ബോധക്ഷയവും ശ്വാസതടസ്സവുമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. എഫ്ഐആറിന്റെ കോപ്പി റിപ്പോർട്ടറിന് ലഭിച്ചു. ‘വിജയ് 4 മണിക്കൂർ മനപ്പൂർവ്വം വൈകിപ്പിച്ചു. ഇതാണ് ആളുകൾ തടിച്ചു കൂടാൻ കാരണമായത്. മണിക്കൂറുകൾ കാത്തിരുന്ന ആളുകൾ തളർന്ന് വീഴുകയായിരുന്നു. പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും സംഘാടകർ ഒന്നും ചെയ്തില്ല’, എഫ്‌ഐആറിൽ പറയുന്നു.
പ്രവർത്തകർ മരങ്ങളിലും ചെറിയ ഷെഡുകളിലും കയറി ഇരുന്നെന്നും അവ തകർന്നു വീണെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു. താഴെ നിൽക്കുന്നവരുടെ മുകളിലേക്ക് തകർന്ന് വീണതാണ് ദുരന്തത്തിന് വഴിവെച്ചത്. പതിനായിരം പേർക്ക് ആണ് അനുമതി നൽകിയത്. എന്നാൽ 25000 പേർ പങ്കെടുത്തെന്ന് എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു.അതേസമയം കരൂർ ദുരന്തം സർക്കാർ ഗൂഢാലോചനയുടെ ഫലമെന്ന് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ പറഞ്ഞു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമം. ഡിഎംകെ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിലുള്ള പ്രതികാരമാണെന്നും ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ജനറൽ സെക്രട്ടറി ആധവ് അർജുനയാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
STORY HIGHLIGHT: Karur tragedy: Shocking details revealed in postmortem report
















