വാഷിങ്ടണ്‍: ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രയേൽ. വൈറ്റ്‌ഹൗസിൽ സംയുക്‌ത വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. 1700 ഫലസ്തീൻ തടവുകാരെ വിട്ടയക്കാനാണ് നിർദേശം. ഇരുപക്ഷവും അംഗീകരിച്ചാൽ വെടിനിർത്തൽ ഉടൻ ഉണ്ടായേക്കും. പദ്ധതി പഠിച്ച ശേഷം നിലപാടെടുക്കുമെന്നാണ് ഹമാസിന്റെ പ്രതികരണം. അതേസമയം, 72 മണിക്കൂറിനകം ഡീൽ അംഗീകരിക്കണമെന്നാണ് ട്രംപിന്റെ അറിയിപ്പ്.
യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും പലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങൾ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടിയന്തര വെടിനിർത്തൽ, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേൽ പിൻവാങ്ങൽ എന്നിവ ആവശ്യപ്പെടുന്ന സമാധാന പദ്ധതി അംഗീകരിച്ചതിന് നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു.
അതിനിടെ, ദോഹയിൽ നടത്തിയ ആക്രമണത്തിൽ മാപ്പു ചോദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്. ഡൊണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ഫോൺ സംഭാഷണം.
ഖത്തറിന്റെ പരമാധികാരത്തിനു മേൽ നടത്തിയ ആക്രമണത്തിൽ മാപ്പു ചോദിച്ച നെതന്യാഹു, ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽഥാനിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഉറപ്പുനൽകി. ഖത്തർ പൗരൻ ബദ്ർ അൽ ദോസരി ആക്രമണത്തിൽ കൊല്ലപ്പെട്ടതിലും നെതന്യാഹു ഖേദം പ്രകടിപ്പിച്ചു.
















