ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ കൂടുതല്‍ ടിവികെ നേതാക്കളുടെ അറസ്റ്റിന് പൊലീസ്. ടിവികെ ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മല്‍ ശേഖര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇന്നലെ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മതിയഴകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ എടുത്ത ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.
കരൂർ ദുരന്തത്തിൽ ടിവികെക്കും വിജയിക്കുമെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി എഫ്ഐആർ ഇട്ടതിനു പിന്നാലെയാണ് തമിഴ്നാട് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കെതിരെ അഞ്ച് വകുപ്പുകളാണ് നിലവിൽ ചുമത്തിയത്. അപകടമുണ്ടായതു മുതൽ ഒളിവിലായിരുന്ന മതിയഴകനെ അറസ്റ്റ് ചെയ്ത പൊലീസ് കൂടുതൽ അറസ്റ്റിലേക്ക് കടന്നേക്കാമെന്നാണ് സൂചന.
എന്‍ഡിഎയുടെയും കോണ്‍ഗ്രസിന്റെയും പ്രത്യേക സംഘം ഇന്ന് കരൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലവും കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയുമാകും സംഘം സന്ദര്‍ശിക്കുക. ഹേമമാലിനി എംപി കണ്‍വീനറായ എട്ടംഗ എന്‍ഡിഎ സംഘമാണ് കരൂര്‍ സന്ദര്‍ശിക്കുക. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സംഘം കരൂരില്‍ എത്തുക. കരൂരിലെ സാഹചര്യം സംഘം വിലയിരുത്തും.
അതേസമയം, ഉച്ചയ്ക്ക് തുടങ്ങേണ്ട റാലിയിൽ മനഃപൂർവം മണിക്കൂറുകൾ വൈകിയെത്തിയ വിജയ് പരിപാടിയെ ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള ഉപാധിയായും ശക്തി പ്രകടനമായും കണ്ടത് അപകടത്തിന് കാരണമായതായി എഫ്ഐആറിൽ ചൂണ്ടികാട്ടുന്നു. ഇതിനിടെ പട്ടിണംപൊക്കത്തെ ഫ്ലാറ്റിൽ വിജയ് യുടെ നേതൃത്ത്വത്തിൽ ടിവികെ നേതാക്കളുടെ യോഗം ചേർന്നു. 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിൽ വിജയ് യെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
















