ഒട്ടാവ: കൊലപാതകം, ആയുധ-മയക്കുമരുന്ന് കടത്ത്, കൊളള തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. കാനഡക്കാർ സാമ്പത്തിക- ഭൗതിക സഹായം നൽകുന്നതിൽ നിന്ന് വിലക്കുന്നതാണ് നടപടി. സംഘ അംഗങ്ങളുടെ സ്വത്ത് കണ്ടുകെട്ടാനും, ക്രിമിനൽ കുറ്റങ്ങൾ ചുമത്താനും കഴിയും.
“കാനഡയിൽ അക്രമത്തിനും ഭീകരപ്രവർത്തനങ്ങൾക്കും സ്ഥാനമില്ല, പ്രത്യേകിച്ച് പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വച്ചുള്ള ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നവയ്ക്ക്,” ഒരു ഔദ്യോഗിക പ്രസ്താവനയിൽ കാനഡ പറഞ്ഞു. “ബിഷ്‌ണോയി സംഘം പ്രത്യേക സമൂഹങ്ങളെ ഭീകരതയ്ക്കും അക്രമത്തിനും ഭീഷണിക്കും ഇരയാക്കിയിട്ടുണ്ട്. ഇവരെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ അവരുടെ കുറ്റകൃത്യങ്ങളെ നേരിടാനും അവസാനിപ്പിക്കാനും കൂടുതൽ ശക്തവും ഫലപ്രദവുമായ നടപടികൾ നൽകുന്നു,” പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി തിങ്കളാഴ്ച പറഞ്ഞു.
പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനിമുതല്‍ കാനഡയിലെ ബിഷ്‌ണോയ് സംഘത്തിന്റെ വാഹനങ്ങളും വീടും പണവുമുള്‍പ്പെടെയുളള സ്വത്തുക്കള്‍ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ സര്‍ക്കാരിന് അധികാരം ലഭിക്കും. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് സംഘാംഗങ്ങളെ വിചാരണ ചെയ്യാനുളള അധികാരവും ലഭിക്കും. ബിഷ്‌ണോയ് ഗുണ്ടാസംഘത്തിലെ അംഗങ്ങളെന്ന് സംശയിക്കുന്നവര്‍ കാനഡയില്‍ പ്രവേശിക്കുന്നത് തടയാന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും അധികാരം ലഭിക്കും.
















