ന്യൂയോർക്ക്: മിഷിഗണിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിയുതിർത്ത അക്രമി അമേരിക്കൻ പ്രസിഡന്റിന്റെ അനുഭാവിയെന്ന് റിപ്പോർട്ട്. ഗ്രാൻഡ് ബ്ലാങ്കിലുള്ള ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലേക്ക് വാഹനമോടിച്ച് കയറ്റുകയും പിന്നീട് വെടിയുതിർക്കുകയും ചെയ്ത തോമസ് ജേക്കബ് സാൻഫോർഡിന്റെ സമൂഹ മാധ്യമ പോസ്റ്റുകളിലാണ് ഇതുസംബന്ധിച്ച സൂചനകളുള്ളത്. ഡൊണാൾഡ് ട്രംപിനോട് അനുഭാവം വ്യക്തമാക്കുന്ന നിരവധി പോസ്റ്റുകളാണ് ഇയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. ആക്രമണത്തിന് പിന്നാലെ നടന്ന ഏറ്റുമുട്ടലിൽ പൊലീസ് ഇയാളെ കൊലപ്പെടുത്തിയിരുന്നു.
ഞായറാഴ്ച പള്ളിയിൽ പ്രാർഥന നടക്കവേയായിരുന്നു വെടിവെപ്പ്. വാഹനത്തിലെത്തിയ അക്രമി പള്ളിയിലേക്ക് വാഹനമോടിച്ചു കയറ്റിയാണ് നിറയൊഴിച്ചതെന്ന് അധികൃതർ പറഞ്ഞു. ഇയാൾ പള്ളിക്കു തീവെക്കുകയുംചെയ്തു. തീ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായി. ജോസഫ് സ്മിത്ത് 19-ാം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണ് മോർമോൺ സഭ. ദ് ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സെയ്ന്റ്‌സ് എന്നതാണ് ഔദ്യോഗികനാമം.
ടേണിങ് പോയിന്റ് യുഎസ്എ സ്ഥാപകൻ ചാർളി കിർക്കിന് നേരെയുണ്ടായ വെടിവെപ്പിന് ശേഷം, സംഘർഷങ്ങളുടെയും രാഷ്ട്രീയ അതിക്രമങ്ങളെക്കുറിച്ചുള്ള ഭയത്തിന്റെയും പശ്ചാത്തലത്തിൽ കൂടിയാണ് ഈ സംഭവം.
മിനിയാപൊളിസിലെ അനൻസിയേഷൻ കാത്തലിക് സ്‌കൂളിൽ അടുത്തിടെ നടന്ന വെടിവെപ്പിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ കാരണം ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
















