ദുബായിൽ നിന്ന് 15 മിനിറ്റിനകം റാസൽഖൈമയിൽ പറന്നെത്താവുന്ന എയർ ടാക്സി സേവനം പ്രഖ്യാപിച്ച് റാസൽഖൈമ. ദുബായ്, അബുദാബി എമിറേറ്റിന് പിന്നാലെയാണ് റാസൽഖൈമയുടെ ഈ പ്രഖ്യാപനം. എയർ ടാക്സി സേവനം രണ്ടു വർഷത്തിനകം ആരംഭിക്കും. 2026ലെ പരീക്ഷണയോട്ടം വിജയിച്ചാൽ 2027ൽ പ്രവർത്തനം ആരംഭിക്കും.
ആദ്യഘട്ടത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് റാസൽഖൈമ അൽമർജാൻ ഐലൻഡിലേക്കാകും സേവനം. പിന്നീട് എമിറേറ്റിന്റെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. 4 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള എയർ ടാക്‌സി മണിക്കൂറിൽ 321 കിലോമീറ്റർ വേഗത്തിൽ ആണ് സഞ്ചരിക്കുക. യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് എയർ ടാക്സി ഓപ്പറേറ്ററായ ജോബി ഏവിയേഷനും യുകെ ആസ്ഥാനമായുള്ള സ്കൈ സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുക.
എമിറേറ്റിന്റെ ഗതാഗത ചരിത്രത്തിലെ സുപ്രധാന ഘട്ടത്തിന്റെ കരാരായ എയർ ടാക്‌സി സേവന കരാറിൽ റാസൽഖൈമ ട്രാൻസ്‌പോർട്ടും സ്‌കൈപോർട്ട്‌സ് ഇൻഫ്രാസ്ട്രക്ച്ചറും ജോബി ഏവിയേഷനും ചേർന്ന് ഒപ്പുവെച്ചു. ഈ പദ്ധതി വേഗമേറിയതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗം ജീവിത നിലവാരം ഉയർത്തുമെന്ന് അൽബലൂഷി പറഞ്ഞു. അടുത്ത വർഷം മുതൽ ദുബായിലും അബുദാബിയിലും എയർടാക്സി സേവനം ആരംഭിക്കും.
STORY HIGHLIGHT: ras al khaimah announces air taxi service
















