സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കനിവ് 108 ആംബുലന്‍സുകള്‍ ആറു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ ജോലി നഷ്ടമാകുമോ എന്ന ആശങ്കയില്‍ ജീവനക്കാര്‍. ആറു വര്‍ഷത്തിനുള്ളില്‍ 11.82 ലക്ഷം ട്രിപ്പുകള്‍ ആംബുലന്‍സുകള്‍ ഓടി തീര്‍ത്തെന്നു കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ ജീവനകാര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവില്‍.
2019 സെപ്റ്റംബര്‍ 25നാണ് കനിവ് 108 ആംബുലന്‍സുകളുടെ സര്‍വീസ് ആരംഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ജീവന്‍രക്ഷാ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഇവ. കോവിഡുകാലത്ത് ഷിഫ്റ്റ് പോലും നോക്കാതെ നാടിനെ രക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഓടിയ വിശേഷണങ്ങള്‍ ഇല്ലാതെ പോയ ജീവിതങ്ങളാണ് 108 ആംബുലന്‍സ് ജീവനക്കാര്‍. ഈ കാലത്ത് ആരോഗ്യമേഖലയിലെ ജീവനകാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ശമ്പള പാക്കേജില്‍ പോലും ഇവരെ പരിഗണിച്ചില്ല.
എന്നാല്‍ തുടര്‍ന്ന് സ്വന്തം സുരക്ഷ മറന്ന് ദുരിതകാലത്തെ അതിജീവിക്കുവാന്‍ പോര്‍മുഖത്തേക്ക് ഇറങ്ങി തിരിച്ചവരെ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും, കോവിഡിനെ അതിജീവിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആനുകൂല്യത്തില്‍ നിന്നും ഇവര്‍ പുറത്താണ്. അഞ്ചുവര്‍ഷ കരാറിലാണ് കോള്‍സെന്ററിലുള്‍പ്പടെയുള്ള 1300 ലധികം ജീവനക്കാരും ജോലി ചെയ്യുന്നത്. ആറു വര്‍ഷം പിന്നിടുന്ന പദ്ധതിയിലെ ജീവനക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നത് കരാര്‍ പുതുക്കാതെയാണ്.
ശമ്പളം മുടക്കമില്ലാതെ ലഭ്യമാകുന്നുണ്ടെങ്കിലും സര്‍ക്കാരും വകുപ്പും കരാര്‍ പുതുക്കുന്നതില്‍ താത്പര്യം കാണിക്കാത്തത് ജീവനക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. പുതിയ നയത്തിന്റെ ഭാഗമായി 40 വയസില്‍ താഴെയുള്ള ആളുകള്‍ക്ക് മാത്രം കരാര്‍ പുതുക്കി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം.
അങ്ങനെയൊരു തീരുമാനം നടപ്പില്‍ വന്നാല്‍ ജോലി നഷ്ടമാകുക മേല്‍പറഞ്ഞവരില്‍ പകുതിയിലധികം ജീവനക്കാര്‍ക്കാണ്. കുടുംബം പുലര്‍ത്താനും, മക്കളെ പഠിപ്പിക്കാനുമായി രാപകല്ലിലാതെ അധ്വാനിക്കുന്ന മനുഷ്യരോട് സര്‍ക്കാര്‍ അനീതി കാട്ടില്ലെന്ന വിശ്വാസത്തില്‍ തന്നെയാണ് അവര്‍. എങ്കിലും കരാര്‍ പുതുക്കി നല്‍കാന്‍ വകുപ്പധികൃതര്‍ കാണിക്കുന്ന വൈമനസ്യമാണ് ഇവരുടെ ആശങ്ക.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും തൊഴിലാളി സംഘടനകള്‍ നിരന്തരം ഉന്നയിക്കുന്ന വിഷയം കൂടിയാണിത്. വിവിധ തരം രോഗബാധയേറ്റവര്‍, ആക്സിഡന്റില്‍ മരണത്തെ മുഖാമുഖം കണ്ടവര്‍, പ്രസവ വേദനയാല്‍ പുളഞ്ഞവര്‍ തുടങ്ങിയ ഒട്ടനവധി മനുഷ്യായുസുകള്‍ക്ക് തണലായ പ്രസ്ഥാനമായ 108ല്‍ പിരിച്ചുവിടലുണ്ടാകുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ദുരിതകാലത്ത് താങ്ങായവരെ കൈവിടാതെ ചേര്‍ത്തുനിര്‍ത്താന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.
Content highlight: Kaniv 108 Ambulance
















