പൂനെയിൽ ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിനെതിരെ എൻസിപി(എസ്പി). ബാൽ ഗന്ധർവ ഓഡിറ്റോറിയത്തിന് സമീപം ഇന്ന് വൻ പ്രതിഷേധവും പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ ഹബായിരുന്ന പുനെ ഇപ്പോൾ കുറ്റകൃത്യങ്ങളുടെ നഗരമായി മാറിയെന്നും ഗുണ്ടാസംഘ തലവനായ നിലേഷ് ഗയ്‌വാളിന്റെ ലണ്ടനിലേക്കുള്ള ഒളിച്ചോട്ടം സർക്കാർ ഒത്താശയോടെയാണെന്നാണ് സമരക്കാർ ആരോപിക്കുന്നത്.
കൊലപാതകം, മോഷണം, തട്ടിക്കൊണ്ടുപോകൽ, പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനലിനെ സർക്കാരിന്റയും ആഭ്യന്തര മന്ത്രിയുടെയും ഒത്താശയോടെയാണ് ലണ്ടനിലേക്ക് പറന്നതെന്ന് പാർട്ടി പൂനെ സിറ്റി പ്രസിഡന്റ് പ്രശാന്ത് ജഗ്തപ് പറഞ്ഞു. ക്രിമിനലുകളെ നിയന്ത്രിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടെന്നും ഒന്നിലധികം കേസുകളിൽ പ്രതിയായവർ പോലും നഗരത്തിൽ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രശാന്ത് ജഗ്തപ് പറയുന്നു;
ഒരുകാലത്ത് വിദ്യാഭ്യാസ കേന്ദ്രമായി അറിയപ്പെട്ടിരുന്ന പൂനെ നഗരം ഇപ്പോൾ കുറ്റകൃത്യങ്ങളുടെയും നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയും നഗരമായി മാറിയിരിക്കുന്നു.റാമോൺ മഗ്‌സസെ അവാർഡ് നേടിയതിലൂടെ ഇന്ത്യയ്ക്ക് അഭിമാനം പകർന്ന സോനം വാങ്ചുക് പോലുള്ള സമർപ്പിതരായ ദേശസ്‌നേഹികളെ ജയിലിലടയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി ദേശീയ സുരക്ഷാ നിയമം ഉപയോഗിക്കുന്നതായി കാണാം.
എന്നാൽ ക്രിമിനലുകളുടെ കാര്യത്തിൽ മൗനമാണ് അദ്ദേഹത്തിന്. ഇന്ത്യ പോലുള്ള മഹത്തായ ജനാധിപത്യത്തിന് ഈ സാഹചര്യം അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കുറ്റവാളികൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നു. അതേസമയം രാഷ്ട്രത്തെ സേവിക്കുന്നവരെ പിടച്ച് തുറങ്കലിലാക്കുന്നു.
Content highlight: Pune
















