2025 ലെ ഏഷ്യാ കപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് ഓപണറായ അഭിഷേക് ശര്‍മ. അഭിഷേകിന് പ്ലയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു. പ്രീമിയം എസ്‌യുവി ഹാവല്‍ എച്ച്9 ആണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്. ഓഫ് റോഡ് മികവും ആഡംബര സൗകര്യങ്ങളും മികച്ച പെര്‍ഫോമെന്‍സും ഒത്തിണങ്ങുന്ന വാഹനമാണ് ഇത്.
റഫ് ലുക്കും ഗംഭീര പെര്‍ഫോമെന്‍സും കിടിലം ഫീച്ചറുകളും സാങ്കേതികവിദ്യകളുമുള്ള ആഡംബര ഓഫ് റോഡര്‍ എസ്‌യുവിയാണ് ഹാവല്‍ എച്ച്9. ഈ കിടിലന്‍ വാഹനത്തിന്റെ സവിശേഷതകള്‍ അറിയാം. 2.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ എന്‍ജിനാണ് ഹാവല്‍ എച്ച്9 ന് ഉള്ളത്. പരമാവധി 380 എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക. 8 സ്പീഡ് ഓട്ടമാറ്റിക് ZF ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നത്. 4950 എംഎം നീളവും 1976എംഎം വീതിയുമുള്ള വാഹനമാണിത്.
സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഹാവല്‍ എച്ച്9. ആറ് എയര്‍ബാഗുകളും ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റെക്ഷനും വാഹനത്തിലെ യാത്രികരുടെ സുരക്ഷ വര്‍ധിപ്പിക്കും. തിരക്കിന് അനുസരിച്ച് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ അനായാസ ദീര്‍ഘദൂര യാത്രകള്‍ക്ക് സഹായിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിലും അനായാസ ഡ്രൈവിങിന് സഹായിക്കുന്ന ഫീച്ചറാണ് ട്രാഫിക് ജാം അസിസ്റ്റ്. പാര്‍ക്കിങിന്റെ സമയത്തും തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുമ്പോഴുമെല്ലാം ഏറെ ഗുണം ചെയ്യും 360 ഡിഗ്രി വ്യു ക്യാമറ. ഓട്ടോ, ഇക്കോ, സ്‌പോര്‍ട്, സ്‌നോ, സാന്‍ഡ്, മഡ്, 4എല്‍(ലോ റേഞ്ച്) ഡ്രൈവിങ് മോഡുകളും ഡ്രൈവിങില്‍ വൈവിധ്യം കൊണ്ടുവരും.
പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് സൈഡ് സ്‌റ്റെപ്പുകള്‍, മുന്നിലും പിന്നിലും ഫോഗ് ലാംപുകള്‍, വലിയ 265/55 ആര്‍ 19 ടയറുകള്‍ എന്നിവയും വാഹനത്തിന്റെ പ്രീമിയം ടഫ് ലുക്കിന് സഹായിക്കും. യാത്രികര്‍ക്ക് സുഖയാത്രയും മികച്ച സാങ്കേതികവിദ്യയും ഉറപ്പിക്കുന്നതാണ് ഇന്റീരിയര്‍. 14.6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, 10 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഡ്രൈവര്‍ക്ക് പ്രത്യേകം പേഴ്‌സണലൈസ്ഡ് അഡ്ജസ്റ്റ്‌മെന്റ് സൗകര്യമുള്ള ലെതര്‍ സീറ്റ്, സീറ്റില്‍ വെന്റിലേഷനും മസാജിനുമുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ പോവുന്നു ഇന്റീരിയര്‍ ഫീച്ചറുകള്‍.
ഹാവലിന്റെ സൗദി അറേബ്യ വെബ് സൈറ്റില്‍ എച്ച്9 എസ്‌യുവിക്ക് 1,42,199.8 സൗദി റിയാലാണ് വിലയിട്ടിരിക്കുന്നത്. ഇത് ഏകദേശം 33,60,658 ഇന്ത്യന്‍ രൂപ വരും. ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോര്‍(ജിഡബ്ല്യുഎം) ആണ് ഹാവലിന്റെ ഉടമകള്‍. 2013 മാര്‍ച്ച് മുതലാണ് ഹാവല്‍ ഒരു ബ്രാന്‍ഡായി മാറിയത്.
















