ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ‘വാനോളം മലയാളം, ലാല്‍സലാം’ എന്ന പരിപാടിയുടെ പേരിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.
ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിനെ ചുവപ്പുവത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് ‘ലാല്‍സലാം’ എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ലാല്‍സലാം’ എന്നത് കമ്യൂണിസ്റ്റ് അഭിവാദ്യരീതിയാണ്. ‘ലാല്‍സലാം’ എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പന്‍ അഭിവാദ്യം എന്നാണ് യഥാര്‍ഥ അര്‍ഥം. ഇംഗ്ലീഷില്‍ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പന്‍ അഭിവാദ്യം നേരുന്ന പാര്‍ട്ടി പരിപാടിയായി പൗരസ്വീകരണത്തെ മാറ്റുകയെന്ന ദുഷ്ടലാക്കാണ് സര്‍ക്കാരിനുള്ളത്. കമ്യൂണിസ്റ്റുകഥാപാത്രങ്ങളുടെ ചരിത്ര പശ്ചാത്തലമുള്ളതുകൊണ്ടാണ് ചെറിയാന്‍ കല്പകവാടി തന്റെ സിനിമയ്ക്ക് ‘ലാല്‍സലാം’ എന്ന പേരു നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















