ഷാർജ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ സമ്മർദത്തെ അവസരമായാണ് താൻ കണ്ടതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് അങ്ങ് എടുത്തിട്ടു, അപ്പോൾ ഏതൊരു റോളും എടുക്കാം എന്നും അദ്ദേഹം പ്രതികരിച്ചു. ക്യാപ്റ്റനും കോച്ചും ആവശ്യപ്പെടുന്നത് ചെയ്യുക എന്നതാണ് പ്രധാനമെന്നും സഞ്ജു പറഞ്ഞു. ഷാർജ സക്സസ് പോയന്‍റ് കോളജിൽ നൽകിയ സ്വീകരണശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു സഞ്ജു സാംസണ്‍.
സമ്മർദനിമിഷങ്ങളിലാണ് പലപ്പോഴും സഞ്ജു ക്രീസിലേക്കു വരാറുള്ളതെന്നും അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതിനു വേണ്ടിയാണ് തന്നെ കളിപ്പിക്കുന്നതെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ‘‘സമ്മർദങ്ങൾ കൈകാര്യം ചെയ്യാനാണ് ഇത്രയും വർഷംകൊണ്ട് പഠിച്ചത്. സമ്മർദത്തേക്കാൾ ഉപരി അവസരമായിട്ടാണ് തോന്നിയിട്ടുള്ളത്. അവസരം വിനിയോഗിക്കാൻ സാധിച്ചതിലും നന്നായി കളിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്.’’ സഞ്ജു.
ബാറ്റിങ് പൊസിഷൻ സംബന്ധിച്ച ചോദ്യത്തോട് പ്രതികരണം ഇങ്ങനെ: ‘‘നേരത്തെ പറഞ്ഞപോലെ, ലാലേട്ടന്റെ ആറ്റിറ്റ്യൂഡ് അങ്ങ് എടുത്തിട്ടു. അപ്പോൾ ഏതൊരു റോളും എടുക്കാം. എവിടെ കളിപ്പിച്ചാലും നമ്മൾ അതു മനസ്സുകൊണ്ട് അംഗീകരിച്ചാൽ കുഴപ്പമില്ല. സാധാരണ കളിക്കുന്നതുപോലെ, ആദ്യം അങ്ങ് പാഡിട്ടു പോകുന്നതിനേക്കാൾ ടീമും കോച്ചും ആവശ്യപ്പെടുന്നതുപോലുള്ള റോൾ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ, പെട്ടെന്ന് സ്കോർ ചെയ്യണമെന്നായിരുന്നു. ഫൈനലിൽ പാർട്ണർഷിപ് ബിൾഡ് ചെയ്യാനായിരുന്നു നിർദേശം. അതനുസരിച്ച് ചെയ്യാനുള്ള ഒരു അനുഭവജ്ഞാനമുണ്ട്. പത്തു വർഷമായി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നു. കുറേ മത്സരങ്ങൾ കാണുന്നുണ്ട്. അപ്പോൾ ഇതൊക്കെ ചെയ്യാൻ പറ്റുമെന്ന വിശ്വാസമുണ്ട്.’’– സഞ്ജു പറഞ്ഞു.
ഏഷ്യാ കപ്പിൽ പ്രതീക്ഷിച്ച പല മത്സരങ്ങളിലും ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലല്ലോ എന്ന ചോദ്യത്തിനുള്ള സഞ്ജുവിന്റെ മറുപടി ചിരിപടർത്തി. ‘‘അങ്ങനെയൊന്നുമില്ല, എല്ലാ സിനിമകളും കിട്ടില്ലല്ലോ. ചില സിനിമകളെ കിട്ടൂ, അതിൽ പല റോളുകൾ കിട്ടും. അതങ്ങ് ചെയ്യാൻ നോക്കുക. കിട്ടാത്ത റോളിൽ വീട്ടിലിരിക്കാൻ നോക്കുക. സിംപിളാണ്.’’ സഞ്ജു പറഞ്ഞു. ക്രിക്കറ്ററായില്ലായിരുന്നെങ്കില്‍ സഞ്ജു സാംസണ്‍ സിനിമാ താരമാകുമായിരുന്നു എന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു മറുപടി. ബേസില്‍ ജോസഫ് അടുത്ത കൂട്ടുകാരനല്ലെ ഒരു റോള്‍ ചോദിച്ചുകൂടെ എന്ന് ചോദിച്ചപ്പോള്‍ ബേസിലൊക്കെ അക്കാര്യത്തില്‍ വളരെ പ്രഫഷനല്‍ ആണെന്നും ഇങ്ങനെ തമാശയൊന്നും ചെയ്യില്ല സിനിമയില്‍ എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി.
















